റ്റുകാല്‍ പൊങ്കാലയിട്ടതിന്റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി പ്രമുഖ നടി ബീന ആന്റണി രംഗത്ത്. താൻ ക്രിസ്ത്യാനിയായി തുടരുന്നുവെന്നും, മതം മാറിയിട്ടില്ലെന്നും വ്യക്തമാക്കിയ ബീന, മതസൗഹാർദ്ദം ജീവിതത്തിന്റെ ഭാഗമാണെന്നും അടിവരയിട്ടു. മുപ്പത് വർഷത്തിലേറെയായി അഭിനയരംഗത്ത് സജീവമായ ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജ് കുമാറും പ്രേക്ഷകർക്ക് സുപരിചിതനാണ്.

ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് താൻ പൊങ്കാലയിട്ടതെന്നും, ഇതിൽ മതപരമായ തെറ്റുകളില്ലെന്നും ബീന പറഞ്ഞു. "ഞാൻ കല്യാണം കഴിച്ചിരിക്കുന്നത് ഹിന്ദുവിനെയാണ്. പക്ഷേ, ഇന്നുവരെയും ഞാനെന്റെ മതം മാറിയിട്ടില്ല. മനു ഇങ്ങോട്ടോ, ഞാൻ അങ്ങോട്ടോ ഒന്നും മാറിയിട്ടില്ല. ഒരു ക്രിസ്ത്യനായിട്ട് തന്നെയാണ് ഞാൻ ജീവിക്കുന്നത്," അവർ വ്യക്തമാക്കി. ആനി മതം മാറിയെങ്കിലും താൻ മതം മാറിയിട്ടില്ലെന്ന് വ്യക്തമാക്കിയ നടി, ആറ്റുകാൽ പൊങ്കാലയിടുന്നതിനോ മുസ്ലീം പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനോ തന്റെ വിശ്വാസം തടസ്സമല്ലെന്ന് കൂട്ടിച്ചേർത്തു. കെട്ടുനിറച്ച് ശബരിമലയ്ക്ക് പോയ കെ.എസ്. ആന്റണി എന്ന അപ്പച്ചന്റെ മകളാണ് താനെന്നും, അത്തരമൊരു പാരമ്പര്യമാണ് തനിക്കുള്ളതെന്നും അവർ ഓർമ്മിപ്പിച്ചു.

'ക്രിസ്ത്യാനിയല്ലേ, നിനക്ക് നാണമില്ലേ' എന്ന തരത്തിലുള്ള കമന്റുകൾ ഏറെ വേദനിപ്പിച്ചുവെന്ന് ബീന ആന്റണി പറഞ്ഞു. ഇതിനിടെ, താൻ ബി.ജെ.പി.യിൽ ചേരുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളും നടി നിഷേധിച്ചു. "സ്വപ്നത്തിൽ പോലും ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. എന്റെ പൊങ്കാലയിടലും ഭർത്താവ് ഹിന്ദുവാണ് എന്നതും കൂട്ടി വായിച്ച്, ലൈക്കുകൾക്കും പ്രശസ്തിക്കും വേണ്ടി കെട്ടിച്ചമയ്ക്കുന്നതാണ് ഈ പ്രചാരണങ്ങൾ," അവർ വിശദീകരിച്ചു. താനൊരു കലാകാരിയാണെന്നും, വർക്കുകളുമായി മുന്നോട്ട് പോവുകയാണെന്നും, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ബീന ആന്റണി വ്യക്തമാക്കി.