കൊച്ചി: തൻ്റെ ഓൺലൈൻ വസ്ത്ര വ്യാപാര സംരംഭവുമായി ബന്ധപ്പെട്ട് ഒരു ഉപഭോക്താവിൽ നിന്ന് നേരിട്ട ദുഃഖകരമായ ഒരനുഭവം വെളിപ്പെടുത്തി ബീന ആന്റണി. ഒരു ദിവസത്തെ മറുപടി വൈകിയതിൻ്റെ പേരിൽ ഒരു ഉപഭോക്താവ് തൻ്റെ കുടുംബാംഗങ്ങളെ വരെ അധിക്ഷേപിച്ചതായാണ് അവർ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ അറിയിച്ചത്. ഉപഭോക്താവിൻ്റെ പണം ഉടനടി തിരികെ നൽകിയെങ്കിലും, മാനസിക ബുദ്ധിമുട്ടുണ്ടാക്കിയ ഈ സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

ഉപഭോക്താവ് ഓർഡർ ചെയ്ത രണ്ട് വസ്ത്രങ്ങളുടെ അളവിൽ മാറ്റം ആവശ്യപ്പെടുകയും, തുടർന്ന് ബീന ആന്റണി ചെറിയ അളവിലുള്ള വസ്ത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഷൂട്ടിംഗ് തിരക്കുകൾ കാരണം ബിസിനസ് ആവശ്യങ്ങൾക്കുള്ള ഫോൺ എടുക്കാൻ കഴിഞ്ഞില്ലെന്നും, ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തി ഫോൺ പരിശോധിച്ചപ്പോൾ ഉപഭോക്താവിൽ നിന്ന് അധിക്ഷേപകരമായ നിരവധി സന്ദേശങ്ങൾ കണ്ടുവെന്നും ബീന വിശദീകരിച്ചു.

'പറ്റിച്ച് ജീവിക്കുന്ന സ്ത്രീ', 'കഷ്ടപ്പെട്ട് സഹോദരിമാരെ കെട്ടിച്ചുവിട്ടു എന്ന് വായിച്ചിട്ടുണ്ട്, ഇങ്ങനെയാണോ കാശുണ്ടാക്കി നൽകിയത്' എന്നെല്ലാമായിരുന്നു ഉപഭോക്താവിൻ്റെ സന്ദേശങ്ങളിലെ ആരോപണങ്ങൾ. താൻ വലിയ കോടീശ്വരിയാണെന്നും ബീനയെപ്പോലെ ദരിദ്രവാസി അല്ലെന്നും ഉപഭോക്താവ് പറഞ്ഞതായും നടി കൂട്ടിച്ചേർത്തു. ഈ സന്ദേശങ്ങൾ ലഭിച്ച ഉടൻ തന്നെ വസ്ത്രത്തിൻ്റെ പണവും കൊറിയർ ചാർജും തിരികെ നൽകിയെന്ന് ബീന ആന്റണി പറഞ്ഞു.

മുപ്പത് വർഷമായി അഭിനയരംഗത്ത് സജീവമായ ബീന ആന്റണി, ഭർത്താവും നടനുമായ മനോജ് കുമാറിനൊപ്പം പങ്കുവെക്കുന്ന വീഡിയോകളിലൂടെയും ശ്രദ്ധേയയാണ്. ഓൺലൈൻ വസ്ത്ര വ്യാപാരം തൻ്റെ പ്രധാന വരുമാന മാർഗമല്ലെന്നും, അഭിനയത്തിന് പുറമെയുള്ള ഒരു ചെറിയ സംരംഭം മാത്രമാണെന്നും അവർ വ്യക്തമാക്കി. താൻ ആരെയും വഞ്ചിക്കുകയില്ലെന്നും, എന്തു പ്രശ്നമുണ്ടായാലും അത് പരിഹരിക്കുമെന്നും, ആരുടെയും പണം ഒരു രൂപ പോലും എടുക്കാൻ നിൽക്കില്ലെന്നും അവർ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി. വലിയ ആഡംബര ജീവിതം നയിക്കുന്നില്ലെങ്കിലും, ആരെയും പറ്റിച്ചല്ല ഇതുവരെയും ജീവിച്ചതെന്നും ബീന ആന്റണി തൻ്റെ വീഡിയോയിൽ കൂട്ടിച്ചേർത്തു.