കൊച്ചി: 'അനോമി'യുടെ പ്രചാരണ പരിപാടിക്കിടെ സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളെക്കുറിച്ച് തുറന്നുപറഞ്ഞ് ഭാവന. മനസമാധാനമാണ് തനിക്ക് ഈ ലോകത്തിൽ ഏറ്റവും വിലപ്പെട്ടതെന്നും, അതിനായി എന്തു ത്യാഗവും സഹിക്കാൻ താൻ ഒരുക്കമാണെന്നും ഭാവന വ്യക്തമാക്കി. നെഗറ്റീവ് കമന്റുകൾ വായിക്കാറില്ലെന്നും, ചില സമയങ്ങളിൽ തന്നെ വെറുതെ വിടാൻ ഉറക്കെ വിളിച്ചുപറയാൻ തോന്നാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ഭരധ്വാജ് രംഗന് നൽകിയ അഭിമുഖത്തിലാണ് ഭാവന തന്റെ നിലപാട് വ്യക്തമാക്കിയത്. "ഞാനിപ്പോൾ കമന്റുകളൊന്നും വായിക്കാറില്ല. മനസമാധാനം എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. അത് എന്തിന്റെ കാരണത്താലും തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരിക്കലും പറ്റില്ല. അതിനുവേണ്ടി എന്തൊക്കെ വേണ്ടെന്ന് വെക്കണോ അതൊക്കെ ഞാൻ ചെയ്യും," ഭാവന പറഞ്ഞു.

ചില സന്ദർഭങ്ങളിൽ, "എന്നെ ഒന്ന് വെറുതെ വിടൂ പ്ലീസ്, മതിയായി, നിർത്തൂ, എന്നെ വെറുതെ വിടൂ എന്ന് ഉറക്കെ പറയണമെന്നുണ്ട്. പക്ഷേ പറയാൻ പറ്റില്ല, ഇതൊരു യുദ്ധം പോലെയാണ്. വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത പ്രയാസമാണിത്," താരം പറഞ്ഞു. ഈ കമന്റുകളൊന്നും മൈൻഡ് ചെയ്യാതിരിക്കുകയാണ് താൻ ചെയ്യുന്നതെന്നും, അവയൊന്നും മാറ്റാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഭാവന വ്യക്തമാക്കി. "മനസമാധാനമുള്ള മനസ്സാണ് ഈ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്യം. എന്നെ മോശമായി പറയുന്നതിലൂടെ അവർക്ക് എന്തെങ്കിലും സുഖം കിട്ടുകയാണെങ്കിൽ അവർ ചെയ്യട്ടെ. എനിക്ക് ഒരു പ്രശ്നവുമില്ല. ദൈവം അവരെ അനുഗ്രഹിക്കട്ടെ. എന്നെ വെറുതെ വിട്ടാൽ മതി," ഭാവന കൂട്ടിച്ചേർത്തു.

തന്റെ 90-ാമത്തെ ചിത്രമായ 'അനോമി' റിലീസിന് ഒരുങ്ങുന്ന ഈ ഘട്ടത്തിൽ, താൻ ത്രില്ലർ സിനിമകളും വാമ്പയർ സീരീസുകളുമാണ് ഇപ്പോൾ കാണുന്നതെന്നും താരം വെളിപ്പെടുത്തി. "റൊമാന്റിക് കോമഡി സിനിമകളൊന്നും എനിക്കിപ്പോൾ കാണാൻ പറ്റില്ല. ത്രില്ലർ സിനിമകളാണ് ഇഷ്ടം. ഒരുപാട് ക്രൈം ഡോക്യുമെന്ററികൾ ഞാൻ കണ്ടിട്ടുണ്ട്. അതാണെന്റെ വിശ്രമം. പത്ത് വർഷം മുൻപ് അങ്ങനെ ആയിരുന്നില്ല. എങ്ങനെ വാമ്പയർ ആകാമെന്ന് ഞാൻ ഗൂഗിളിൽ സെർച്ച് വരെ ചെയ്തു നോക്കിയിട്ടുണ്ട്," ഭാവന പറഞ്ഞു.