ചെന്നൈ: മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യയിൽ ശോഭിച്ച നടിയാണ് ഭാവന. ഇടക്കാലത്തിന് ശേഷം വീണ്ടും അവർ സിനിമയിൽ സജീവമാണ്. തമിഴിലാണെങ്കിൽ അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ഭാവന. കന്നഡ സിനിമാരംഗത്തും താരം മിന്നിത്തിളങ്ങിയതാണ്.

മലയാളത്തിൽ നിന്ന് അഞ്ച് വർഷത്തോളം മാറി നിന്നപ്പോഴും ഭാവന കന്നഡ സിനിമാ രംഗത്ത് സജീവമായിരുന്നു. താരം ജീവിത പങ്കാളിയാക്കിയതും കന്നഡ സിനിമാ രംഗത്തെ നിർമ്മാതാവായ നവീനെയാണ്. ഇപ്പോഴിതാ ഭാവനയെക്കുറിച്ച് തമിഴ് നടൻ ശ്രീകാന്ത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭാവനയോടൊപ്പം ഒന്നിലേറെ സിനിമകളിൽ ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്.

ഒരിക്കൽ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ സംഭവമാണ് ശ്രീകാന്ത് പങ്കുവെച്ചത്. "ഭാവന എന്റെ മൂക്കിന് ഇടിച്ചു. എന്റെ മൂക്കാണ് പൊട്ടിയത്. അവളാണ് ഇടിച്ചതും. പക്ഷെ കരഞ്ഞത് അവളാണ്. അടികിട്ടിയതും ചോര വന്നതും എനിക്കാണ്. എന്നാൽ കണ്ണീർ മാത്രം അവൾക്ക് വരുന്നത് എന്താണെന്ന് ഞാൻ ചോദിച്ചു. ഗാന രംഗം ചെയ്യുമ്പോൾ ഇടിക്കുന്ന പോലെ കാണിക്കണം. അറിയാതെ കുറച്ച് വേഗത്തിൽ ഇടിച്ചു. ഉടനെ മൂക്ക് പൊട്ടി. നാല് സിനിമകൾ ഭാവനയ്ക്കൊപ്പം ചെയ്തിട്ടുണ്ട്. ഒരു കുട്ടിയെ പോലെയാണവൾ. വളരെ ചൈൽഡിഷാണ്..." ശ്രീകാന്ത് പറയുന്നു.

ഭാവന തമിഴിൽ അധികം സിനിമകൾ ചെയ്തിട്ടില്ല. അജിത്ത് നായകനായ അസൽ ആണ് ഭാവന അഭിനയിച്ച അവസാനത്തെ തമിഴ് ചിത്രം. ഡോർ എന്ന സിനിമയിലൂടെ വീണ്ടും തമിഴകത്തേക്ക് വരാനൊരുങ്ങുകയാണ് നടി. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഭാവനയുടെ സഹോദരൻ ജയ്ദേവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. തിരിച്ച് വരവിലും വലിയ സ്വീകാര്യത ഭാവനയ്ക്ക് ലഭിച്ചു. ടൊവിനോ തോമസ് നായകനായി എത്തിയ ജീൻ പോൾ ലാലിന്റെ സംവിധാനത്തിൽ പിറന്ന 'നടികർ' ആണ് ഭാവനയുടെ റിലീസ് ചെയ്ത അവസാന മലയാള ചിത്രം. താരത്തിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.