കൊച്ചി: ബി​ഗ് ബോസ് സീസൺ ഏഴിലെ പിആർ വിവാദത്തിൽ അനുമോൾക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മത്സരാർത്ഥി ബിന്നി സെബാസ്റ്റ്യൻ. ഷോയിൽ വെച്ച് താൻ അനുമോൾക്ക് പിആർ ഉണ്ടെന്ന് ആദ്യമായി പറഞ്ഞയാളാണെന്നും, 16 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചതെന്ന് അനുമോൾ തന്നോട് പറഞ്ഞതായും ബിന്നി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനാൽ പുറത്തിറങ്ങിയതിന് ശേഷം താൻ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടുന്നതായും ബിന്നി പറഞ്ഞിരുന്നു.

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ മത്സരാർത്ഥികൾക്കായി ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന "ലൈൻ കട്ട്" എന്ന അഭിമുഖത്തിൽ അവതാരകയുടെ ചോദ്യത്തിന് അനുമോൾ നൽകിയ മറുപടി പങ്കുവെച്ചാണ് ബിന്നി തൻ്റെ നിലപാട് വീണ്ടും ഉറപ്പിച്ചത്. 1 ലക്ഷം രൂപയാണ് പിആറിനായി കൊടുത്തതെന്നും, 15 ലക്ഷം രൂപ നൽകുമെന്ന് താൻ പറഞ്ഞതാവാം എന്നും അഭിമുഖത്തിൽ അനുമോൾ പറയുന്നുണ്ട്. ഈ ഭാഗം എടുത്തു കാട്ടിയാണ് ബിന്നി തൻ്റെ സോഷ്യൽ മീഡിയ പേജിൽ ഇത് പങ്കുവെച്ചത്.

'ചോദ്യങ്ങളുടെ വേഗത കൂടിയപ്പോൾ ആലോചിക്കാൻ സമയം കിട്ടാതെ അനുമോൾക്ക് സത്യം പറയേണ്ടി വന്നു. അതേ 16 ലക്ഷം. 1 ലക്ഷം കൊടുത്തു, ഇനി 15 ലക്ഷം കൊടുക്കാൻ ഉണ്ട്.. കണക്ക് കൃത്യമായി,' ബിന്നി കുറിച്ചു. ഇത് അസൂയയോ കുശുമ്പോ ആയി കാണരുതെന്നും, സത്യം പറഞ്ഞതിന് താൻ ഇപ്പോഴും സൈബർ ആക്രമണം നേരിടുന്നത് ഓർമ്മപ്പെടുത്താനാണ് ഈ വീഡിയോ പങ്കുവെക്കുന്നതെന്നും ബിന്നി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് സീസണുകളിലും പിആർ വിജയിച്ചെന്നും, സത്യം തോറ്റു എന്നും ബിന്നി കൂട്ടിച്ചേർത്തു.