മുംബൈ: ബോളിവുഡിലെ താരദമ്പതിമാരാണ് ബിപാഷ ബസുവും കരൺ സിങ് ഗ്രോവറും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2016 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇരുവരും. ഇരുവരും 2022 ലാണ് അച്ഛനും അമ്മയുമായാത്. ഐവിഎഫ് ട്രീറ്റ്‌മെന്റ് നടത്തിയാണ് ബിപാഷ മകൾ ദേവിയെ ഗർഭം ധരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ മകളുടെ ചിത്രങ്ങളും മറ്റും പങ്കുവെക്കാറുണ്ട് ബിപാഷയും കരണും. ഇപ്പോഴിതാ തങ്ങളുടെ പാരന്റ്ഹുഡ് യാത്രയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബിപാഷയും കരണും. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരങ്ങൾ മനസ് തുറന്നത്. പ്രസവ ശേഷം തനിക്ക് തടി കൂടിയതിനെ കളിയാക്കുന്നവർക്ക് മറുപടി നൽകുകയും ചെയ്യുന്നുണ്ട് ബിപാഷ. തനിക്ക് ചുറ്റുമുള്ള ട്രോളുകളേയും നെഗറ്റിവിറ്റിയേയും താൻ ഗൗനിക്കുന്നില്ലെന്നാണ് ബിപാഷ പറയുന്നത്.

അവരോട് എനിക്ക് പറയാനുള്ളത് ട്രോളുന്നത് തുടരുക എന്നാണ്. എനിക്കതിൽ പ്രശ്‌നമൊന്നുമില്ല, കാരണം ഞാനത് ഗൗനിക്കുന്നേയില്ല എന്നായിരുന്നു ബിപാഷയുടെ പ്രതികരണം. അമ്മയായതോടെ തന്റെ ജീവിതമാകെ മാറിപ്പോയെന്നാണ് ബിപാഷ പറയുന്നത്. ഇന്ന് തന്റെ നമ്പർ വൺ പ്രയോരിറ്റി മകൾ ദേവിയാണെന്നാണ് ബിപാഷ പറയുന്നത്. ബിപാഷയുടെ ജീവിതം ഇപ്പോൾ മകൾ ദേവിക്ക് ചുറ്റുമാണ്.

എല്ലാത്തിലും നമ്പർ വൺ ദേവിയാണ്. എന്റെ കണ്ണ് തുറന്നിരുന്നാലും അടച്ചിരുന്നാലും അതെന്നും അവളാണ്. ഓരോ തവണയും പുറത്ത് പോകുമ്പോൾ തിരിച്ച് അവളുടെ അടുത്തേക്ക് ഓടിയെത്താൻ തോന്നും. ഇന്ന് എന്റെ ജീവിതം തന്നെ അവൾക്ക് ചുറ്റുമാണ്. കരൺ നമ്പർ ത്രീയാണ്. ഞാൻ നമ്പർ ടുവും ദേവി നമ്പർ വണ്ണുമാണ് എന്നാണ് അമ്മ ജീവിതത്തെക്കുറിച്ച് ബിപാഷ പറയുന്നത്.

അതേസമയം തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നുമില്ലെന്നും നേരത്തെ ഒരാളുടെ അടിമയായിരുന്നുവെങ്കിൽ ഇപ്പോൾ രണ്ട് പേരുടെ അടിമയായെന്നാണ് കരൺ തമാശരൂപേണ പറയുന്നത്. ഞാൻ ആണ് ഡിസിപ്ലിനുള്ളയാൾ. കരണിനെ അവൾ എപ്പോഴും പേടിപ്പിക്കും. പത്ത് മാസമേ ആയിട്ടുള്ളൂ, പക്ഷെ അച്ഛനെ അവൾ പേടിപ്പിച്ച് തുടങ്ങി. ഞാനത് സമ്മതിച്ചു കൊടുക്കും, കാരണം കാണാൻ ക്യൂട്ടാണ്. അവൾ എന്നേയും പേടിപ്പിക്കാറുണ്ട്. അങ്ങനെ ഒടുവിൽ എന്നെ പേടിപ്പിക്കുന്ന ഒരാളെ കിട്ടിയിരിക്കുകയാണ് എന്നും ബിപാഷ പറയുന്നുണ്ട്. നേരത്തെ മകൾ ദേവി ജനിച്ചത് ഹൃദയത്തിൽ രണ്ട് ദ്വാരത്തോടു കൂടിയാണെന്ന് ബിപാഷ വെളിപ്പെടുത്തിയിരുന്നു.