'തൈക്കുടം ബ്രിഡ്‌ജ്‌' എന്ന സംഗീത ബാൻഡിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഗോവിന്ദ് വസന്ത. വിജയ് സേതുപതി നായകനായ 96 ഉൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചതോടെ തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു സംഗീത സംവിധായി മാറാൻ ഗോവിന്ദ് വസന്തക്കായി. ഇപ്പോഴിതാ തന്റെ ജീവിത പങ്കാളിയായ രഞ്ജിനി അച്യുത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ.

മകനെ നെഞ്ചോടു ചേർത്തുപിടിച്ച് പാട്ട് പാടിയുറക്കുന്ന ഗോവിന്ദ് വസന്തയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘എല്ലാം അതിന്റെ അനുയോജ്യമായ ഇടത്ത്’ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി അച്യുത് വീഡിയോ പങ്കുവെച്ചത്.

ഇക്കഴിഞ്ഞ ദിവസം ഗോവിന്ദിന്റെ പിറന്നാളായിരുന്നു. ജന്മദിനാശംസകൾ നേർ‍ന്നുകൊണ്ടാണ് രഞ്ജിനി അച്യുതൻ മനോഹരമായ ഈ വിഡിയോ പങ്കുവച്ചത്. ബ്ലാക് ആൻഡ് വൈറ്റ് വിഡിയോയിൽ ഗോവിന്ദിന്റെ നെഞ്ചോടു ചേർന്നു സുഖമായി ഉറങ്ങുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു.

2012ലായിരുന്നു ഗോവിന്ദ് വസന്തയുടെയും രഞ്ജിനിയുടെയും വിവാഹം. നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയ്ക്കും രഞ്ജിനിക്കും കുഞ്ഞ് പിറന്നത്. 9ാം മാസത്തിൽ ഗർഭകാല ചിത്രങ്ങൾ പങ്കിട്ട് സന്തോഷകരമായ വാർത്ത അറിയിച്ചതും രഞ്ജിനി തന്നെയാണ്. രഞ്ജിനിയുടെ ഗ്ലാമറസ് ലുക്കിലെ മറ്റേണിറ്റി ഫോട്ടോഷൂട്ട് വലിയ ശ്രദ്ധ നേടിരിയിരുന്നു.

കുഞ്ഞിന്റെ പേരിടൽ ചടങ്ങും ദമ്പതികൾ ആഘോഷമാക്കി. അതിന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ സ്നേഹിതരുമായി പങ്കുവച്ചിരുന്നു. യാഴന്‍ ആര്‍ എന്നാണ് ഇരുവരും മകന് നൽകിയിരിക്കുന്ന പേര്. കാർത്തി അരവിന്ദ് സ്വാമി പ്രധാന വേഷങ്ങളിലെത്തിയ 'മെയ്യഴകൻ' എന്ന ചിത്രത്തിനായാണ് ഗോവിന്ദ് അവസാനം സംഗീതം ഒരുക്കിയത്.