- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമകള്‍ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം സോഷ്യല്‍ മീഡിയയില്‍ റിവ്യൂകള്‍ അനുവദിക്കരുത്; റിവ്യൂവര്‍മാര്‍ മനഃപ്പൂര്‍വം സിനിമകളെ നശിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്; തമിഴ് നിര്‍മാതാക്കള്‍ ഹൈക്കോടതയില്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്
ചെന്നൈ: സിനിമകള്‍ റിലീസ് ചെയ്തതിന് ശേഷം ആദ്യ മൂന്ന് ദിവസം സോഷ്യല്‍ മീഡിയയില്‍ റിവ്യൂകള്‍ അനുവദിക്കരുതെന്ന് തമിഴ് നിര്‍മാതാക്കളുടെ സംഘടന. ഇക്കാര്യം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.
മനഃപ്പൂര്‍വം സിനിമകളെ നശിപ്പിക്കാനുള്ള ശ്രമമാണ് റിവ്യൂവര്‍ന്മാര്‍ നടത്തുന്നതെന്നും വേട്ടയ്യന്‍, കങ്കുവ, ഇന്ത്യന്‍ -2 സിനിമകള്‍ ഉദാഹരണമാണെന്നും നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ പറയുന്നു. തമിഴ്‌നാട്ടില്‍ സമീപകാലത്ത് റിലീസ് ചെയ്ത രജനികാന്ത് ചിത്രം വേട്ടയ്യന്‍, കമല്‍ഹാസന്റെ ഇന്ത്യന്‍ 2 തുടങ്ങിയ ബിഗ് ബജറ്റ് സിനിമകള്‍ പ്രതീക്ഷിച്ച കളക്ഷനുകള്‍ നേടിയിരുന്നില്ല. സൂര്യയുടെ കങ്കുവ റിലീസ് ചെയ്ത് ആദ്യ ഷോയുടെ ഇടവേളയില്‍ തന്നെ നെഗറ്റീവ് റിവ്യൂകള്‍ വന്നിരുന്നു. സിനിമയുടെ വലിയ പരാജയത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു. ഇക്കാര്യം നിര്‍മാതാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി.
തിയറ്ററുകള്‍ക്കുള്ളില്‍ വന്ന് യുട്യൂബേഴ്‌സും മറ്റും റിവ്യൂ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് തിയറ്റര്‍ ഉടമകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടന കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടയില്‍ ഹര്‍ജിയുമായി നിര്‍മാതാക്കള്‍ എത്തിയിരിക്കുന്നത്. അടുത്തിടെ മലയാള സിനിമാ നിര്‍മാതാക്കളും റിവ്യൂകള്‍ക്ക് എതിരെ രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. റിവ്യു ബോംബിങ്ങിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തിരുന്നു. ഒപ്പം മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിപ്പിച്ചിരുന്നു. യുട്യൂബ് റിവ്യൂവറായ അശ്വന്ത് കോക്ക് അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി നിരവധി നിര്‍മാതാക്കളും രംഗത്തെത്തിയിരുന്നു.