മുംബൈ: ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും അനുഷ്ക ശർമ്മയും നടൻ ദർശൻ കുമാറിനെച്ചൊല്ലി മുൻപ് വാക്കുതർക്കത്തിലേർപ്പെട്ടതായി വെളിപ്പെടുത്തൽ. 'ദിൽ ധഡ്കനേ ദോ' എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് സംഭവം നടന്നതെന്ന് ദർശൻ കുമാർ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ഒരുമിച്ച് പ്രവർത്തിച്ച രണ്ട് നടിമാർക്കും ദർശൻ കുമാറിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു. പ്രിയങ്ക ചോപ്രയെ സംബന്ധിച്ചിടത്തോളം ദർശൻ കുമാർ വളരെ 'സ്വീറ്റ്' ആയ വ്യക്തിത്വത്തിന് ഉടമയാണ്. എന്നാൽ അനുഷ്ക ശർമ്മയാകട്ടെ, ദർശൻ കുമാർ പരുക്കൻ സ്വഭാവക്കാരനാണെന്നായിരുന്നു വിലയിരുത്തിയത്.

'പ്രിയങ്ക എന്നെക്കുറിച്ച് പറഞ്ഞത്, ദർശൻ സ്വീറ്റാണ്, കഠിനാധ്വാനിയാണ്, നല്ല നടനാണ് എന്നെല്ലാമായിരുന്നു. എന്നാൽ അനുഷ്ക അതിനെ എതിർത്തു. അദ്ദേഹത്തെപ്പോലെ പരുക്കനായ ഒരാളെ താൻ കണ്ടിട്ടില്ലെന്ന് അനുഷ്ക പറഞ്ഞു,' ദർശൻ കുമാർ വിശദീകരിച്ചു.

ഇരുവരും തമ്മിലുള്ള തർക്കം ഷൂട്ടിനിടെയുണ്ടായ ഒരു തെറ്റിദ്ധാരണയിൽനിന്നാണ് ഉടലെടുത്തത്. കഥാപാത്രത്തിന്റെ ഭാഗമായി നിന്നതുകൊണ്ട് അനുഷ്കയെ അഭിവാദ്യം ചെയ്യാൻ സാധിച്ചില്ലെന്നും, പിന്നീട് കാര്യങ്ങൾ വിശദീകരിച്ചെന്നും ദർശൻ കുമാർ കൂട്ടിച്ചേർത്തു. ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.