ന്യൂഡൽഹി: 2018 ഫെബ്രുവരി 24ലാണ് ദുബൈയിലെ ഹോട്ടൽ മുറിയിലെ സ്വിമ്മിങ് പൂളിൽ നടി ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോളിവുഡിലെ താരസുന്ദരിയുടെ മരണം വലിയ ആഘാതമായിരുന്നു സിനിമയ്ക്ക് സമ്മാനിച്ചത്. മരിക്കുമ്പോൾ 54 വയസായിരുന്നു അവർക്ക്. മരണത്തെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങളുയർന്നിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ മരണത്തെ കുറിച്ച് ആദ്യമായി മനസു തുറന്നിരിക്കുകയാണ് ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ.

മരണത്തിനു പിന്നിൽ ഭർത്താവ് ആണെന്നു വരെ കഥകളുണ്ടായി. നുണ പരിശോധനക്ക് പോലും അദ്ദേഹത്തിന് വിധേയനാകേണ്ടി വന്നു. അതേസമയം ശ്രീദേവിയുടെ മരണത്തിലേക്ക് നയിച്ചത് അവരുടെ ഡയറ്റായിരുന്നു എന്നാണ് ബോണി കപൂർ പറയുന്നത്. ശരീരം മെലിഞ്ഞിരിക്കാൻ കർക്കശമായ ഡയറ്റ് ആണ് ശ്രീദേവി പിന്തുടർന്നിരുന്നതെന്ന് ബോണി കപൂർ ഒരു ഇന്റർവ്യൂവിനിടെ പറയുകയുണ്ടായി.

''അതൊരു സാധാരണ മരണമായിരുന്നില്ല. ഒരു അപകടമരണമായിരുന്നു. ഇതെ കുറിച്ച് ഒരിക്കലും പറയണമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇതെ കുറിച്ച് അന്വേഷണം വന്നപ്പോൾ, എന്നെ ചോദ്യം ചെയ്തു. ഇപ്പോൾ ദുബയ് പൊലീസിൽ നിന്ന് എനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മാധ്യമങ്ങളിൽനിന്ന് വളരെയധികം സമ്മർദമുണ്ടായതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ വേണ്ടിവന്നതെന്നാണ് അവർ പറഞ്ഞത്. മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് അവർ കണ്ടെത്തി. നുണ പരിശോധനക്ക് വരെ ഞാൻ വിധേയനായി. ഒടുവിൽ മുങ്ങിമരണമാണ് ശ്രീദേവിയുടെത് എന്ന് കണ്ടെത്തി.''-ബോണി കപൂർ പറഞ്ഞു.

ഉപ്പ് ഒഴിവാക്കിയുള്ള ഡയറ്റ് ഉപേക്ഷിക്കണമെന്ന് ഡോക്ടർമാർ ശ്രീദേവിക്ക് നിർദ്ദേശം നൽകിയിരുന്നു. കാരണം ലോ ബ്ലഡ് പ്ലഷർ അനുഭവിക്കുന്ന വ്യക്തിയാണ് അവർ. ഓരോ പുതിയ സിനിമകൾ വരുമ്പോഴും താൻ കൂടുതൽ സുന്ദരിയായിരിക്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ യഥാർഥ ജീവിതത്തിൽ കുറച്ചധികം ശാരീരിക പ്രശ്‌നങ്ങൾ ശ്രീദേവി അനുഭവിച്ചിരുന്നു. ഉപ്പ് ശരീരത്തിൽ ജലം നിലനിർത്താൻ സഹായിക്കുമെന്നും തന്മൂലം മുഖം വീർത്തിരിക്കുമെന്നുമാണ് കൂടുതൽ സ്ത്രീകളും ചിന്തിക്കുന്നത്. അതിനാൽ ശ്രീദേവി ഭക്ഷണത്തിൽ നിന്ന് ഉപ്പ് പാടെ ഒഴിവാക്കി. സലാഡ് കഴിക്കുമ്പോഴെങ്കിലും കുറച്ച് ഉപ്പ് ചേർക്കാൻ ഞങ്ങൾ അവരോട് പറഞ്ഞിരുന്നു.-ബോണി കപൂർ പറഞ്ഞു.

സൗത്തിന്ത്യൻ താരം നാഗാർജുനയുമായും ഒരിക്കൽ ഇക്കാര്യം സംസാരിച്ചിരുന്നതായും ബോണി കപൂർ സൂചിപ്പിച്ചു. ശ്രീദേവി മരിച്ചശേഷം നാഗാർജുന കാണാൻ വന്നിരുന്നു. ഷൂട്ടിങ്ങിനിടയിലും ക്രാഷ് ഡയറ്റാണ് ശ്രീദേവി പിന്തുടർന്നിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ ബാത്‌റൂമിൽ വീഴുകയും പല്ല് പൊട്ടിപ്പോവുകയും ചെയ്തു. അക്കാര്യം എനിക്ക് ഓർമയുണ്ട്.

വിവാഹ ശേഷവും ശ്രീദേവി കടുത്ത ഡയറ്റാണ് തുടർന്നത്. ഡിന്നറിന് പുറത്തുപോകുമ്പോൾ ഉപ്പില്ലാത്ത ഭക്ഷണമാണ് ശ്രീദേവി ആവശ്യപ്പെട്ടത്. അമ്മയോട് കുറച്ച് ഉപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പറയാൻ ഞാനെന്റെ മക്കളോട് ശട്ടംകെട്ടി. ഒരിക്കൽ പോലും അവളത് ഗൗരവത്തോടെ കണ്ടില്ല. ഇങ്ങനെയൊരു സംഭവമുണ്ടാകുന്നത് വരെ ഇത്രത്തോളം ഗൗരവമുണ്ടാകുമതിന് എന്ന് ഞങ്ങളും കരുതിയില്ല.-ബോണി കപൂർ പറഞ്ഞു. 1996ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരായത്. 1997ൽ ആദ്യ കുഞ്ഞായ ജാൻവി പിറന്നു. 2000ത്തിൽ ഖുശി കപൂറും എത്തി.