- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്റെ സമ്മതമില്ലാതെ ഫ്രഞ്ച് എസ്റ്റേറ്റായ ചാറ്റോ മിറാവലിന്റെ ഓഹരി രഹസ്യമായി വിറ്റു; ആഞ്ജലീന ജോളിക്കെതിരെ വിമർശനവുമായ ബ്രാഡ് പിറ്റ്
ലോസ് ഏഞ്ചൽസ്: ഹോളിവുഡ് നടി ആഞ്ജലീന ജോളിക്കെതിരെ ആരോപണവുമായി നടനും മുൻ ഭർത്താവുമായ ബ്രാഡ് പിറ്റ്. തന്റെ സമ്മതമില്ലാതെ മുൻ ഭാര്യ ആഞ്ജലീന ജോളി ഫ്രഞ്ച് എസ്റ്റേറ്റായ ചാറ്റോ മിറാവലിന്റെ ഓഹരി രഹസ്യമായി വിറ്റെന്ന് നടൻ ബ്രാഡ് പിറ്റ് പറഞ്ഞു. 2008ലാണ് ഇരുവരും ചേർന്ന് ഫ്രാൻസിലെ എസ്റ്റേറ്റും വൈനറിയും വാങ്ങുന്നത്. പരസ്പര സമ്മതമില്ലാതെ ഇരുവരും തങ്ങളുടെ ഓഹരി വിൽക്കില്ലെന്ന് നേരത്തെ കരാറാക്കിയിരുന്നു. ഇതിന്റെ ലംഘനമാണ് ആഞ്ജലീന ജോളിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് പിറ്റ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ ആരോപിക്കുന്നത്.
കൂടി ആലോചിക്കാതെ 2021ൽ ആഞ്ജലീന ചാറ്റോ മിറാവലിന്റെ ഓഹരി വിറ്റത് തന്നോട് പ്രതികാരം തീർക്കാനാണെന്ന് ബ്രാഡ് പിറ്റ് പറഞ്ഞു. മനഃപൂർവം തന്നെ ദ്രോഹിക്കാനാണ് ആഞ്ജലീന ഇത്തരത്തിൽ ചെയ്തതെന്നും നടപടി നിയമവിരുദ്ധവും അന്യായവുമാണെന്ന് ബ്രാഡ് പിറ്റ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, 2016ൽ വിമാന യാത്രക്കിടെ ആഞ്ജലീനയേയും മകളെയും ആക്രമിച്ച സംഭവം അദ്ദേഹം ഇന്നും നിഷേധിച്ചിട്ടില്ല. അക്കാര്യം നിശബ്ദമാക്കാൻ വേണ്ടി മിറാവലിന്റെ ഓഹരി വിൽപ്പന ഇതുവരെ സമ്മതിച്ചിരുന്നില്ലെന്നതാണ് യാഥാർഥ്യമെന്നും ആഞ്ജലീന ജോളിയുടെ അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചു. വിമാന യാത്രയ്ക്കിടെ ബ്രാഡ് പിറ്റ് തന്നെ ആക്രമിച്ചു. തന്നെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച ആറുമക്കളിൽ ഒരാളുടെ മുഖത്ത് അടിക്കുകയും ഒരാളെ ശ്വാസം മുട്ടിക്കുകയും ചെയ്തു എന്ന് ആരോപിച്ച് ആഞ്ജലീന ജോളി നേരത്തെ ബ്രാഡ് പിറ്റിനെതിരെ പരാതി നൽകിയിരുന്നു. വിവാഹമോചനത്തിനുള്ള കാരണം ഇതാണെന്നും താരം വ്യക്തമാക്കിയിരുന്നു.
എന്നാൽ സംഭവത്തിൽ ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ചെയ്യാത്തത് ഏറ്റെടുക്കില്ലെന്നും ബ്രാഡ് പിറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. എഫ്ബിഐ അന്വേഷണത്തിൽ പിറ്റിനെ അറസ്റ്റ് ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
2016 ഇരുവരും വേർപിരിയാൻ തീരുമാനിക്കുന്നത്. 2019ൽ നിയമപരമായി ഇരുവരും വേർപിരിഞ്ഞെങ്കിലും ഇരുവരുടെയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച കേസ് നടന്നുകൊണ്ടിരിക്കുകയാണ്.




