ലോസ് ഏഞ്ചൽസ്: ലോകപ്രശസ്ത ഗായിക ആണെങ്കിലും വിവാദങ്ങളിലകപ്പെട്ടു കുപ്രസിദ്ധി നേടിയ സെലിബ്രിറ്റിയാണ് ഗായിക ബ്രിട്‌നി സ്പിയേഴ്‌സ്. താൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് അർധനഗ്‌നയായി പുറത്തുവരുന്ന ഗായികയുടെ ചിത്രമാണ് ഏറ്റവും പുതിയ വിവാദത്തിന് വഴി വച്ചിരിക്കുന്നത്. തലയിണയും ബ്ലാങ്കറ്റും ഉപയോഗിച്ച് ശരീരം മറച്ച് ചെരുപ്പ് പോലും ധരിക്കാതെ ഗായിക നടക്കുന്ന ചിത്രം വളരെ വേഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

കാമുകൻ പോൾ റിച്ചാർഡ് സോളിസുമായി വഴക്കുണ്ടായതോടെ ബ്രിട്‌നി ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്ന ചിത്രമാണിതെന്നും ഗായിക മെഡിക്കൽ സേവനം തേടിയെന്നും വാർത്തകൾ പ്രചരിച്ചു. ഇതുസംബന്ധിച്ച ചർച്ചകൾ അതിരുവിട്ടപ്പോൾ ബ്രിട്‌നി തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തി. പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും സത്യാവസ്ഥ മറ്റൊന്നാണെന്നും ഗായിക പറഞ്ഞു.

'ഇപ്പോൾ പ്രചരിക്കുന്ന വാർത്ത വാസ്തവവിരുദ്ധമാണ്. ഓരോ ദിവസം പിന്നിടുന്തോറും ഒരു വ്യക്തി എന്ന നിലയിൽ ഞാൻ കൂടുതൽ കരുത്താർജിക്കുകയാണ്. സത്യം എല്ലായ്‌പ്പോഴും അപ്രിയമാണ്. ആർക്കെങ്കിലും നുണ പറയാൻ എന്നെ പഠിപ്പിക്കാമോ ? ആർത്തവകാലത്ത് സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഒരു സാധാരണ പെൺകുട്ടിയാണ് ഞാൻ. കഴിഞ്ഞ ദിവസം എന്റെ കാലിന്റെ കുഴ തെറ്റി. തുടർന്ന് മെഡിക്കൽ സംഘം എന്നെ കാണാൻ എത്തിയെങ്കിലും നിയമവിരുദ്ധമായി അവർ വന്നതിനാൽ എനിക്കതൊരു ബുദ്ധിമുട്ട് പോലെ തോന്നി. അതുകൊണ്ട് ഞാൻ അവിടെ നിന്നും പിൻവാങ്ങുകയായിരുന്നു' ബ്രിട്‌നി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

13 വർഷക്കാലം രക്ഷാകർതൃഭരണത്തിൽ കഴിഞ്ഞ ഗായികയാണ് ബ്രിട്‌നി സ്പിയേഴ്‌സ്. അത്രയുംകാലം പിതാവ് ജാമി സ്പിയേഴ്‌സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത്. വലിയ നിയമപോരാട്ടത്തിനു ശേഷം 2021ൽ ബ്രിട്‌നി പിതാവിന്റെ നിയന്ത്രണത്തിൽ നിന്ന് മോചിതയായി. ഗായികയെ സ്വതന്ത്രയാക്കണമെന്നാവശ്യപ്പെട്ട് ആരാധകരുൾപ്പെടെ നിരവധി പേർ സമരം ചെയ്തതു വാർത്തയായിരുന്നു.