തിരുവനന്തപുരം: തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ കാസ്റ്റിംഗ് കൗച്ച് നിലവിലില്ലെന്ന നടൻ ചിരഞ്ജീവിയുടെ വാദങ്ങൾ തള്ളി ഗായിക ചിന്മയി ശ്രീപാദ. സിനിമാ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് വ്യാപകമാണെന്നും, പൂർണ്ണ സഹകരണം എന്നതിന് മറ്റ് പല അർത്ഥങ്ങളാണുള്ളതെന്നും ചിന്മയി തുറന്നുപറഞ്ഞു. പുരുഷന്മാർക്ക് അവകാശമുണ്ടെന്ന തെറ്റായ വിശ്വാസം നിലനിൽക്കുന്നിടത്തോളം കാലം സ്ത്രീകൾ ലൈംഗിക സഹകരണം നൽകണമെന്ന് അവർ ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യുമെന്ന് ചിന്മയി ചൂണ്ടിക്കാട്ടി.

സ്ത്രീകൾ കർശന നിലപാടെടുത്താൽ ആരും മോശമായി പെരുമാറില്ല എന്ന ചിരഞ്ജീവിയുടെ വാദം തെറ്റാണെന്നും അവർ പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു തെലുങ്ക് സിനിമയിൽ കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നില്ലെന്ന് ചിരഞ്ജീവി അഭിപ്രായപ്പെട്ടത്. വനിതാ സഹതാരങ്ങൾ സുഹൃത്തുക്കളോ കുടുംബാംഗങ്ങളെപ്പോലെ അടുപ്പമുള്ളവരോ ആയിരുന്ന ഒരു കാലഘട്ടത്തിൽ നിന്നാണ് ചിരഞ്ജീവി വരുന്നതെന്നും ചിന്മയി പറഞ്ഞു.

ചിരഞ്ജീവിയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ, ഒരു ചടങ്ങിൽ വെച്ച് നടി പൂജ ഹെഗ്‌ഡെയെ അനുവാദമില്ലാതെ കെട്ടിപ്പിടിക്കുന്ന ചിരഞ്ജീവിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സിനിമാ ഇൻഡസ്ട്രിയിലെ ലൈംഗിക ചൂഷണത്തിന് ഉദാഹരണങ്ങളായി ചിന്മയി ചില സംഭവങ്ങളും പങ്കുവെച്ചു. ഒരു സംഗീതജ്ഞയെ സ്റ്റുഡിയോയിൽ വെച്ച് ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അവർക്ക് സൗണ്ട് ബൂത്തിൽ അഭയം തേടേണ്ടി വന്നതും, പിന്നീട് ഒരു മുതിർന്ന വ്യക്തിയാണ് അവരെ രക്ഷപ്പെടുത്തിയതെന്നും അവർ പറഞ്ഞു.

ഈ സംഭവത്തിന് ശേഷം ആ സംഗീതജ്ഞ ജോലി ഉപേക്ഷിച്ചു. ലിംഗത്തിന്റെ ചിത്രങ്ങൾ അയക്കുകയും ലൈംഗികബന്ധം ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു ഗായകനെപ്പോലുള്ള സ്ഥിരം കുറ്റവാളികളെ പ്രേക്ഷകർ യാതൊരു ഖേദവുമില്ലാതെ പിന്തുണയ്ക്കുന്നതായും ചിന്മയി കൂട്ടിച്ചേർത്തു.