ചെന്നൈ: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതിയുടെ വിധിക്ക് എതിരെ ഉടൻ അപ്പീൽ നൽകാനുള്ള കേരള സർക്കാരിൻ്റെ തീരുമാനത്തെ പ്രശംസിച്ച് ഗായിക ചിന്മയി ശ്രീപദ രംഗത്ത് വന്നു.

അതിജീവിതയ്ക്ക് വേണ്ടി നിലകൊള്ളാനുള്ള സർക്കാരിൻ്റെ ഈ ഉറച്ച തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. "ഈ കേസിൽ അതിജീവിതയ്ക്ക് വേണ്ടി നിയമപരമായ പോരാട്ടം തുടരുമെന്ന കേരള സർക്കാരിന്റെ നിലപാട് അഭിനന്ദനാർഹമാണ്. ഇത് അതിജീവിതയ്ക്ക് നൽകുന്ന വലിയ പിന്തുണയാണ്," ചിന്മയി കുറിച്ചു.

തമിഴ് സിനിമ ഇൻഡസ്ട്രിയിൽ നേരിടേണ്ടി വന്ന മീ ടൂ അനുഭവങ്ങളുടെ വെളിച്ചത്തിൽ, അതിജീവിച്ചവർക്ക് കേരളത്തിൽ ലഭിക്കുന്ന പിന്തുണ മറ്റ് ഇൻഡസ്ട്രികളിൽ ലഭിക്കുന്നില്ലെന്ന് ചിന്മയി മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഈ സർക്കാർ തീരുമാനം, നീതി ഉറപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതീകമായി അവർ കാണുന്നു.