ചെന്നൈ: തൻ്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുകയും കുട്ടികൾക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് പ്രശസ്ത ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപദ. പൊതുവിടങ്ങളിൽ നിന്ന് സ്ത്രീകളെ മാറ്റി നിർത്താൻ പുരുഷന്മാർ കാലങ്ങളായി ഉപയോഗിക്കുന്ന തന്ത്രമാണ് അപവാദ പ്രചാരണങ്ങളെന്ന് ചിന്മയി പറഞ്ഞു. തനിക്ക് ലഭിച്ച മോർഫ് ചെയ്ത ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ ചിന്മയി ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ചരൺ റെഡ്ഡി, ലോഹിത് റെഡ്ഡി എന്നിവർക്കെതിരെ പോലീസ് പരാതി നൽകിയിട്ടുണ്ടെന്നും ചിന്മയി അറിയിച്ചു.

ഭർത്താവും നടനുമായ രാഹുൽ രവീന്ദ്രൻ മംഗല്യസൂത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് പിന്നാലെയാണ് തനിക്കെതിരായ ഓൺലൈൻ ആക്രമണം വർദ്ധിച്ചതെന്നും അവർ വെളിപ്പെടുത്തി. ഓൺലൈൻ ഉപദ്രവങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് ചിന്മയി ഒരു വീഡിയോ സന്ദേശവും പുറത്തുവിട്ടു. താൻ കടുത്ത അധിക്ഷേപങ്ങൾ നേരിടുന്നുണ്ടെന്നും, തൻ്റെ കുട്ടികൾക്ക് നേരെ വധഭീഷണി മുഴക്കിയെന്നും അവർ പറഞ്ഞു. ഇഷ്ടമില്ലാത്ത സ്ത്രീകൾക്ക് കുട്ടികളുണ്ടാവരുത്, ഉണ്ടായാൽ അവർ മരിക്കണം എന്ന് പറഞ്ഞവർക്കെതിരെ താൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ മോശം പരാമർശങ്ങൾ വന്ന സമയത്ത് ചില പുരുഷന്മാർ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങളുമായി വിയോജിപ്പുള്ള സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ പുരുഷന്മാർ ടെക്നോളജിയും അധികാരവും ഉപയോഗിക്കുന്നതിൻ്റെ തുടർച്ചയാണിത്. ഇന്ന് മോർഫിംഗും ഡീപ്‌ഫേക്കുകളും ഉപയോഗിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വളർച്ചയോടെ ഇത്തരം അതിക്രമങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഉപദ്രവങ്ങൾ നേരിടുന്ന സ്ത്രീകൾ നിയമനടപടി സ്വീകരിക്കാൻ മടിക്കരുതെന്നും ചിന്മയി മുന്നറിയിപ്പ് നൽകി.

തുറന്നുസംസാരിക്കുന്ന സ്ത്രീകളെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ചിന്മയി കരുതുന്നു. തന്നോട് പ്രതികാരമുള്ള സ്ത്രീകളോ പുരുഷന്മാരോ ആകാം ഇതിന് പിന്നിൽ. ലോൺ ആപ്പുകൾ വഴി മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് പലർക്കും ഭീഷണിയുണ്ടായതായി സുഹൃത്തുക്കൾ അറിയിച്ചതായും, ഇത്തരം ഭീഷണികളിൽ ആരും ഭയപ്പെടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഈ തന്ത്രങ്ങൾ കൊണ്ട് ഞങ്ങളെ നിശബ്ദരാക്കാൻ കഴിയില്ല എന്നും അവർ ഉറപ്പിച്ചു പറഞ്ഞു. ഇത്തരം ഫോട്ടോകളുണ്ടാക്കുന്നത് വളര്‍ത്തുദോഷമുള്ള പുരുഷന്മാരാണെന്നും ചിന്മയി പറയുന്നു. അവര്‍ക്ക് ഒരു കാലത്തും നല്ല ബന്ധങ്ങളുണ്ടാക്കാന്‍ പറ്റില്ല. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗ്രൂപ്പുകൾ പണം നൽകുന്നുണ്ടെന്നും ഒരു ഗാനരചയിതാവിനെതിരായ വെളിപ്പെടുത്തലിന് ശേഷം താൻ നിരന്തരം വേട്ടയാടപ്പെടുകയാണെന്നും ചിന്മയി കൂട്ടിച്ചേർത്തു.