കൊച്ചി: തന്റെ ഏക സംവിധാന സംരംഭത്തെക്കുറിച്ച് മനസ്സ് തുറന്ന് മലയാള സിനിമയിലെ എൺപതുകളിലെയും തൊണ്ണൂറുകളിലെയും ഹിറ്റ് സിനിമൾക്ക് പിന്നിൽ പ്രവർത്തിച്ച ഛായാഗ്രാഹകൻ വിപിൻ മോഹൻ. ദിലീപ് നായകനായി 2003-ൽ പുറത്തിറങ്ങിയ 'പട്ടണത്തിൽ സുന്ദരൻ' എന്ന ചിത്രം തന്റെ കരിയറിലെ ഒരു 'അബദ്ധം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ വിപിൻ മോഹൻ സംവിധാനം ചെയ്ത ഏക ചിത്രമാണിത്.

സിനിമ സാമ്പത്തികമായി വിജയിച്ചെങ്കിലും തന്റെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്ന സങ്കടം അദ്ദേഹം മറച്ചുവെച്ചില്ല. "അങ്ങനെയൊരു അബദ്ധം ഞാൻ ചെയ്തുവച്ചു. സിനിമ ഞാൻ വിചാരിച്ചത് പോലെ കത്തിയില്ല. പടം ഓടുകയും നല്ല അഭിപ്രായം വരികയും ചെയ്തു. പക്ഷേ, എങ്കിലും ഞാൻ വിചാരിച്ചത് മാതിരിയല്ല ആ സിനിമ വന്നത്. സിന്ധുരാജ് എന്ന പുതിയ എഴുത്തുകാരനായിരുന്നു അന്ന്. ആ ചിത്രം കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്," വിപിൻ മോഹൻ പറഞ്ഞു.

സംവിധാനം ചെയ്യണമെന്ന ആഗ്രഹത്തോടെയല്ല ആ പ്രോജക്റ്റിലേക്ക് എത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. സിന്ധുരാജ് പറഞ്ഞ കഥ ഇഷ്ടപ്പെട്ട വിപിൻ മോഹൻ ഇത് ചെയ്യാൻ പല സംവിധായകരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഒടുവിൽ ദിലീപ് ആണ് 'വിപിൻ ചേട്ടൻ ചെയ്താൽ പോരേ' എന്ന് ചോദിച്ചത്. അങ്ങനെ ദിലീപിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ ക്യാമറയ്ക്ക് പിന്നിൽ നിന്ന് സംവിധായകന്റെ കുപ്പായമിട്ടതെന്ന് അദ്ദേഹം ഓർത്തെടുത്തു.

ഇനി ഒരു ചിത്രം കൂടി സംവിധാനം ചെയ്യണമെന്ന് തോന്നിയില്ലേ എന്ന ചോദ്യത്തിന് 'അതോടെ എനിക്ക് മതിയായി' എന്നായിരുന്നു വിപിൻ മോഹന്റെ ചിരിയോടെയുള്ള മറുപടി. 2024-ലാണ് ഛായാഗ്രാഹകനായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളിലെത്തിയത്.