കോഴിക്കോട്: ടൊവിനോ തോമസ് നായകനായ 'നരിവേട്ട' എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.കെ. ജാനു. ചിത്രം മുത്തങ്ങ സംഭവത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും, യഥാർത്ഥ വസ്തുതകൾ വളച്ചൊടിക്കുന്നുവെന്നും അവർ പറഞ്ഞു. സംവിധായകൻ അനുരാജ് മനോഹർ ഒരുക്കിയ ചിത്രത്തിൽ, മുത്തങ്ങ സമരത്തിൽ പോലീസ് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതായാണ് കാണിക്കുന്നതെന്നും എന്നാൽ യഥാർത്ഥത്തിൽ അന്ന് പോലീസിൽ നിന്ന് മൃഗീയമായ പെരുമാറ്റമാണ് നേരിട്ടതെന്നും സി.കെ. ജാനു വ്യക്തമാക്കി.

'മനുഷ്യരെ മൃ​ഗങ്ങളെപ്പോലെ കടിച്ചുകീറാൻ വരുന്ന പോലീസുകാരെയല്ലാതെ അന്ന് ആരെയും അവിടെ കണ്ടിട്ടില്ല,' അവർ കൂട്ടിച്ചേർത്തു. ചിത്രത്തിൽ ഏഴുപേരെ പോലീസ് ചുട്ടുകൊല്ലുന്നതായി കാണിക്കുന്നുണ്ട്. എന്നാൽ, അങ്ങനെയൊരു സംഭവം മുത്തങ്ങയിൽ ഉണ്ടായിട്ടില്ലെന്നും, ഇത് സമരത്തെ തെറ്റായി ചിത്രീകരിക്കുന്നതിനുള്ള ശ്രമമാണെന്നും സി.കെ. ജാനു ആരോപിച്ചു. ആദിവാസികൾ നടത്തിയ ഒരു സമരത്തെ തങ്ങൾക്ക് തോന്നിയതുപോലെ ചിത്രീകരിക്കുന്നത് ശരിയല്ല. സത്യം തുറന്നുകാണിക്കാൻ ധൈര്യമില്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള മര്യാദ കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നേരത്തെ, മുത്തങ്ങ സംഭവത്തെക്കുറിച്ച് മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി നടത്തിയ പരാമർശത്തോടും സി.കെ. ജാനു പ്രതികരിച്ചിരുന്നു. മുത്തങ്ങയിൽ നടന്നത് തെറ്റായ നടപടിയാണെന്ന ആന്റണിയുടെ തിരിച്ചറിവിൽ സന്തോഷമുണ്ടെങ്കിലും, അതിനോടൊപ്പം ഭൂപ്രശ്നത്തിൽ കൃത്യമായ രാഷ്ട്രീയ ഇടപെടലും ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. വർഷങ്ങൾക്കുശേഷമുള്ള ഖേദപ്രകടനം അന്നത്തെ ക്രൂരമായ പീഡനങ്ങളുടെ മുറിവുണക്കില്ലെന്നും, അന്നത്തെ പോലീസ് അതിക്രമങ്ങൾ കടുത്തതായിരുന്നുവെന്നും അവർ ഓർമ്മിപ്പിച്ചു.