മുംബൈ: സ്ത്രീവിരുദ്ധതയെയും പ്രൊപ്പഗാണ്ടയെയും ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കില്ലെന്ന് നടി രസിക ദുഗൽ. 'ആനിമൽ' പോലുള്ള ചിത്രങ്ങളിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു രസികയുടെ മറുപടി. ഈ പ്രസ്താവനയെത്തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ നടിക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. വീ ദ വിമൺ ഏഷ്യ ഇവന്റിൽ സംസാരിക്കവെയാണ് രസിക ദുഗൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

തന്റെ രാഷ്ട്രീയ നിലപാടുകളുമായി ചേര്‍ന്നു നില്‍ക്കാത്ത ചിത്രങ്ങളുടെ ഭാഗമാകില്ലെന്നും, ഇത്തരം സിനിമകളെ അംഗീകരിക്കാൻ തനിക്ക് സാധിക്കില്ലെന്നും രസിക അറിയിച്ചു. അതേസമയം, കഥാപാത്രത്തിന്റെ രാഷ്ട്രീയം സ്വന്തം രാഷ്ട്രീയ നിലപാടുമായി വ്യത്യാസമുള്ളതായാലും തനിക്ക് സന്തോഷത്തോടെ അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്നും നടി കൂട്ടിച്ചേർത്തു.

"ഞാൻ ജീവിതത്തിൽ ബീന തൃപാഠിയെപ്പോലെ ആളുകളെ കൊല്ലുകയോ പുരുഷന്മാരെ മുതലെടുക്കുകയോ ചെയ്യുന്ന ആളല്ല. ഒരു അഭിനേതാവ് എന്ന നിലയിൽ അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ എനിക്കിഷ്ടമാണ്. അതിലൂടെ ആ കഥാപാത്രങ്ങളുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കും. അതിനുവേണ്ടിയാണ് ഞാൻ അഭിനയിക്കുന്നതുതന്നെ. പക്ഷെ സിനിമയുടെ രാഷ്ട്രീയം എന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കണം എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്," രസിക ദുഗൽ പറഞ്ഞു.

രസികയുടെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് ഒരു വിഭാഗം വിമർശിച്ചു. വെബ് സീരീസായ 'മിർസാപൂരി'ൽ അഭിനയിച്ച രസിക ഇത്തരം നിലപാട് സ്വീകരിക്കുന്നത് വിരോധാഭാസമാണെന്ന് ഗായിക മാലി അവസ്തി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു. 'ആനിമലി'നേക്കാൾ സ്ത്രീവിരുദ്ധമാണ് 'മിർസാപൂർ' എന്നും, 'കിട്ടാത്ത മുന്തിരി പുളിക്കും' എന്നതിന് തുല്യമാണ് രസികയുടെ നിലപാടെന്നും സൈബർ ലോകത്ത് വിമർശനങ്ങൾ ഉയർന്നു.

എന്നാൽ, 'മിർസാപൂരി'നെ വിമർശിക്കുന്നവർക്ക് രസിക പറഞ്ഞതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായിട്ടില്ലെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടി. 'മിർസാപൂർ' സ്ത്രീവിരുദ്ധതയേയോ വില്ലൻമാരെയോ ആഘോഷിക്കുകയല്ല, മറിച്ച് അവരെ ചിത്രീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇവർ വാദിച്ചു. രസിക ദുഗൽ പ്രധാന വേഷത്തിലെത്തുന്ന 'ഡൽഹി ക്രൈം' എന്ന സീരീസിന്റെ പുതിയ സീസൺ അടുത്തിടെയാണ് റിലീസ് ചെയ്തത്.