- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മേടെ കൂടെ ഡാൻസ് ഞാനും കളിക്കട്ടെ..'; ഇതൊരു സ്വപ്നം പോലെയെന്ന് നടി; മകനൊപ്പം നൃത്തം ചെയ്ത സന്ദർഭം വിവരിച്ച് സൗമ്യ ഭാഗ്യനാഥൻ

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരവും നർത്തകിയുമായ സൗമ്യ ഭാഗ്യനാഥൻ പിള്ള, മകനോടൊപ്പം വേദിയിൽ നൃത്തം അവതരിപ്പിച്ച് തന്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കി. അപ്രതീക്ഷിതമായി ലഭിച്ച ഈ സുവർണ്ണാവസരത്തെക്കുറിച്ചും മകനൊപ്പമുള്ള പ്രകടനത്തെക്കുറിച്ചുമുള്ള സന്തോഷം താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു.
മകനൊപ്പമുള്ള നൃത്തവീഡിയോ പങ്കുവെച്ചുകൊണ്ട് സൗമ്യ കുറിച്ചത് ഇങ്ങനെയാണ്: "നാലാമത്തെ വയസ്സിൽ അരങ്ങേറ്റം കുറിച്ച നാൾ മുതൽ നൃത്തം എന്റെ ജീവിതത്തിൽ ഉടനീളം കൂടെ ഉണ്ട്. എനിക്കൊരു മോൾ ആയിരുന്നെങ്കിൽ അവളെ ഡാൻസ് പഠിപ്പിച്ച് എന്റെ ഒപ്പം കളിപ്പിക്കാമായിരുന്നു എന്ന് ഓർത്തിട്ടുണ്ട്." കഴിഞ്ഞ ദിവസം താൻ നൃത്തം പരിശീലിച്ചുകൊണ്ടിരിക്കുമ്പോൾ മകൻ, അമ്മയോടൊപ്പം ഡാൻസ് ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. മകന്റെ താല്പര്യം കണ്ടപ്പോൾ അടുത്ത ദിവസത്തെ പരിപാടിക്കായി അരമണിക്കൂറിനുള്ളിൽ ഒരു ചെറിയ നൃത്തം ഗുരു ചിട്ടപ്പെടുത്തി നൽകി.
യാതൊരു മുന്നൊരുക്കവുമില്ലാതെ പഠിപ്പിച്ച എല്ലാ ചുവടുകളും കൃത്യമായി ഓർമ്മവെച്ച് മകൻ തന്റെ കൂടെ പാട്ടുകുളം അമ്പലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും, അത് തന്റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നെന്നും സൗമ്യ കൂട്ടിച്ചേർത്തു. "ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങളായിരുന്നു അത്," അവർ പറഞ്ഞു. തങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും സൗമ്യ നന്ദി അറിയിച്ചു.
"അളിയൻസ്" എന്ന പരമ്പരയിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് സൗമ്യ ഭാഗ്യനാഥൻ കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായത്. ഒരു മികച്ച നർത്തകി കൂടിയായ സൗമ്യ പഠനകാലത്ത് നൃത്തത്തിന് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്കിറ്റുകളിലൂടെയാണ് താരം ശ്രദ്ധേയയായത്. സോഷ്യൽ മീഡിയയിലും സജീവമായ സൗമ്യക്ക് ഈ നൃത്തപ്രകടനം ഒരു അമ്മയുടെയും കലാകാരിയുടെയും ആഗ്രഹങ്ങളുടെ മനോഹരമായ പൂർത്തീകരണമായി മാറി.


