കേരളത്തിൽ ഭരണമാറ്റമുണ്ടായാൽ അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കി നടി ഡയാന ഹമീദ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടി ഡയാന ഹമീദ് പറഞ്ഞു. നിലവിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണെന്നും മികച്ച രീതിയിൽ ഭരണം കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുമെന്നും താരം അഭിപ്രായപ്പെട്ടു.

താൻ രാഷ്ട്രീയത്തെ കൃത്യമായി നിരീക്ഷിക്കാറുണ്ടെന്നും വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെന്നും ദയാന വ്യക്തമാക്കി. വി.ഡി. സതീശന്റെ നിയമസഭയിലെ ഇടപെടലുകളും ജനകീയ വിഷയങ്ങളിലെ നിലപാടുകളുമാണ് അദ്ദേഹത്തെ പിന്തുണയ്ക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും താരം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ സജീവമായ ദയാനയുടെ ഈ വെളിപ്പെടുത്തൽ ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്.

സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളികൾക്ക് പരിചിതയായ താരമാണ് നടി ഡയാന ഹമീദ്. അഭിനയത്തിന് പുറമെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടിക്കാത്ത വ്യക്തിത്വമാണ് തന്റേതെന്ന് ഈ അഭിമുഖത്തിലൂടെ താരം ഒരിക്കൽ കൂടി തെളിയിച്ചു.