- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി
ഗുരുവായൂർ: മലയാള സിനിമയിൽ വീണ്ടുമൊരു താരമാംഗല്യം. നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു താലികെട്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. 'ഞാൻ പ്രകാശൻ' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപർണ, 'മനോഹരം' എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്.
ഈ ചിത്രത്തിൽ അപർണയ്ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത 'ഡാഡ' എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയിരുന്നു. 'ആദികേശവ'യിലൂടെ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ.
മാളികപ്പുറം ടീം ഒന്നിക്കുന്ന ആനന്ദ് ശ്രീബാലയാണ് പുതിയ പ്രോജക്ട്. മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണയും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്‌ക്വാഡ് തുടങ്ങി അടുത്തിടെ വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിൽ നിൽക്കുകയാണ് ദീപക് പറമ്പോളിന്റെ അഭിനയ ജീവിതം. 'വർഷങ്ങൾക്ക് ശേഷം' ആണ് നടന്റെ പുതിയ റിലീസ്.