മുംബൈ: ദീപികയും-രൺവീർ സിങും ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. ഗർഭിണിയായതോടെ സിനിമയുടെ ലൈംലൈറ്റിൽ നിന്ന് അകന്നു നിൽക്കുകയാണ് താരം. എങ്കിലും താരദമ്പതികളെന്ന നിലയിൽ ഇവർ എവിടെ പോയാലും പിന്നാലെ പാപ്പരാസികൾ എത്തും. അടുത്തിടെ മുംബൈ എയർപോർട്ടിൽ വച്ച് താരദമ്പതികൾ പാപ്പരാസികളുടെ കാമറയ്ക്കു മുന്നിൽപ്പെട്ടിരുന്നു. അതിനിടെ ഒരാളുടെ കാമറ തട്ടിത്തെറിപ്പിച്ച ദീപിക പദുകോണിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

അവധി ആഘോഷത്തിനു ശേഷം താരദമ്പതികൾ തിരിച്ച് മുംബൈയിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കാറുകൾക്കിടയിലൂടെ വരുന്ന ദീപികയേയും രൺവീറിനെയുമാണ് വിഡിയോയിൽ കാണുന്നത്. അടുത്തെത്തിയതോടെ താരം കാമറ തട്ടിമാറ്റുകയായിരുന്നു. വിഡിയോ വലിയ രീതിയിൽ വൈറലായി.

പിന്നാലെ വിഡിയോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേർ എത്തി. അവർ ഗർഭിണിയാണെന്നും അവരുടെ സ്വകാര്യത മാനിക്കാൻ പഠിക്കണമെന്നുമായിരുന്നു വിമർശനം. വിഡിയോയ്ക്ക് മുന്നിൽ വരാൻ അവർക്ക് ആഗ്രഹമില്ലെന്ന് അവർ വ്യക്തമാക്കിയിട്ടും എന്തിനാണ് ഇത് പോസ്റ്റ് ചെയ്തതെന്നും ചോദിച്ചു. വിമർശനം രൂക്ഷമായതിനു പിന്നാലെ പാപ്പരാസി വിഡിയോ നീക്കം ചെയ്യുകയായിരുന്നു.

അടുത്തിടെയാണ് രൺവീറും ദീപികയും വേർപിരിയുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്. രൺവീറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് വിവാഹചിത്രം നീക്കിയതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. എന്നാൽ 2022-23 കാലത്തെ എല്ലാ ചിത്രങ്ങളും താരം ആർക്കൈവ് ചെയ്യുകയായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.