മുംബൈ: റിലീസിനു മുമ്പേതന്നെ വിവാദത്തിലകപ്പെട്ട ബോളിവുഡ് ചിത്രമാണ് 'പഠാൻ'. ചിത്രത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രധാരണവും അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ അടക്കം ചൂടുപിടിച്ചത്്. ഹിന്ദു ദൈവങ്ങളുടെ നിറമാണ് കാവിയെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണ് നടിയുടെ കാവി നിറത്തിലുള്ള ബിക്കിനിയെന്നുമായിരുന്നു സംഘപരിവാർ കേന്ദ്രങ്ങളുയർത്തിയ വാദം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടി ഒരു മാധ്യമത്തിനോടും ഇതുവരെ പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ ഈ വിവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് ദീപിക. 'വിവാദങ്ങളെല്ലാം ഉണ്ടായപ്പോൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്. വിവാദങ്ങൾ ഉണ്ടായപ്പോൾ സത്യം പറഞ്ഞാൽ എനിക്കൊന്നും തോന്നിയില്ല', നടി പറഞ്ഞു.

ഇതിനു മുമ്പും നടിക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ജെഎൻയു സമരത്തിൽ പങ്കെടുത്തതും റാണി പത്മാവതിയായി എത്തിയ ചിത്രം 'പത്മാവതി'നെതിരെയും രൂക്ഷ വിമർശനങ്ങളാണ് ദീപിക അഭിമുഖീകരിച്ചത്. ഏറ്റവുമൊടുവിലത്തേതാണ് പഠാനിലെ കാവി ബിക്കിനി വിവാദം.

അതേസമയം വിവാദങ്ങളെല്ലാം കാറ്ററിൽ പറത്തി സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ' പഠാൻ' ആഗോളതലത്തിൽ റെക്കോർഡ് നേട്ടമാണ് കൊയ്തത്. ബോളിവുഡ് ബോക്സ് ഓഫീസ് കണ്ട് ഏറ്റവും വലിയ കളക്ഷനാണ് പഠാൻ സമ്മാനിച്ചത്.