ഹൈദരാബാദ്: ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം 'ദേവര' യുടെ ട്രെയിലര്‍ പുറത്ത്.തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാലും ഡയലോഗുകളാലും സമൃദ്ധമാകും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന

സൂചന. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുക. ആദ്യഭാഗം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബര്‍ 27 മുതല്‍ തിയറ്ററുകളിലെത്തും.

ദേവര എന്നാണ് എന്‍ടിആര്‍ന്റെ കഥാപാത്രത്തിന്റെ പേര്. ഭൈര എന്ന വില്ലന്‍ കഥാപാത്രമായ് സെയ്ഫ് അലി ഖാന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം ബോളീവുഡ് താരം ജാന്‍വി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ജാന്‍വി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആദ്യഗാനം 'ഫിയര്‍ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോള്‍ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മൂന്നാമത്തെ ഗാനമായ 'ദാവൂദി'ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.


ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറിള്‍,

എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാമാണ് അവതരിപ്പിക്കുന്നത്.