മുംബൈ: വിവാഹം ലൗ ജിഹാദെന്ന് ആരോപണം ഉന്നയിച്ചവർക്ക് മറുപടിയുമായി നടി ദെവോലീന ഭട്ടചാർജി. ദി കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലേക്കാണ് ദെവോലീനയുടേയും ഭർത്താവ് ഷൻവാസ് ഷേയ്ഖിന്റേയും പേര് വലിച്ചിഴയ്ക്കപ്പെട്ടത്. എന്നാൽ തന്റെ ഭർത്താവ് യഥാർത്ഥ മുസ്ലിം ആണെന്നായിരുന്നു നടിയുടെ മറുപടി.

കേരള സ്റ്റോറിയുടെ സൗജന്യ പ്രദർശനം ഹരിദ്വാറിൽ നടത്തിയതിനെക്കുറിച്ച് സാധ്വി പ്രാചി ട്വീറ്റ് ചെയ്തിരുന്നു. അതിനു താഴെയാണ് ദെവോലീനയുടെ വിവാഹത്തെക്കുറിച്ച് കമന്റ് വന്നത്. അത് ശ്രദ്ധയിൽപ്പെട്ടതോടെ നടി തന്നെ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.

'സിനിമ കാണാൻ എന്നെ ക്ഷണിക്കേണ്ട കാര്യമില്ല. ഞാനും ഭർത്താവും കൂടി സിനിമ കണ്ടതാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടപ്പെടുകയും ചെയ്തു. നിങ്ങൾ യഥാർത്ഥ ഇന്ത്യൻ മുസ്ലിം എന്ന് കേട്ടിട്ടുണ്ടോ? തെറ്റായ കാര്യങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നവരിൽ ഒരാളാണ് എന്റെ ഭർത്താവ്. ഞങ്ങൾ രണ്ടുപേരും ഇക്കാര്യത്തിൽ ഒരേപോലെയാണ്.'- നടി കുറിച്ചു

നേരത്തെ സിനിമ കണ്ടതിനു പിന്നാലെ ദെവോലീന ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. സിനിമ കണ്ടതിനു ശേഷം പ്രണയം വേണ്ടെന്നുവച്ച
യുവതിയെക്കുറിച്ചാണ് താരം പറഞ്ഞത്. എന്നാൽ എപ്പോഴും അങ്ങനെ ആയിരിക്കണം എന്നില്ല എന്നാണ് ദെവോലീന കുറിച്ചത്. തന്റെ ഭർത്താവ് മുസ്ലിം ആണെന്നും അദ്ദേഹം തനിക്കൊപ്പം ഇരുന്ന് സിനിമ കണ്ടെന്നും താരം പുറഞ്ഞു. ഈ സിനിമ അദ്ദേഹത്തിന്റെ മതത്തിന് എതിരാണെന്ന് തോന്നിയില്ലെന്നും കൂട്ടിച്ചേർത്തു. എല്ലാ ഇന്ത്യക്കാരും ഇങ്ങനെയായിരിക്കണം എന്നും താരം കുറിച്ചു.