ചെന്നൈ: മലയാളത്തിലെ കലക്ഷൻ റെക്കോഡുകളെല്ലാം തകർത്ത് ബോക്‌സോഫിസിൽ കുതിപ്പ് തുടരുകയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. 200 കോടി കടന്ന ആദ്യ മലയാള ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സ് തമിഴ്‌നാട്ടിലും വലിയ നേട്ടമാണ് സ്വന്തമാക്കിയത്. 50 കോടിയിൽ അധികം കളക്ഷൻ നേടിയ സിനിമ വീണ്ടും വാർത്തകൾ ഇടം പിടിക്കുകായണ്. ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പ്രമുഖരാണ് ചിത്രത്തിന് പ്രശംസയുമായി എത്തിയത്.

സിനിമയെ കുറിച്ചറിഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ സൂപ്പർ താരം എം.എസ് ധോണി തിയറ്ററിലെത്തിയ വാർത്ത ക്രിക്കറ്റ് ആരാധകരും സിനിമ പ്രേമികളും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ഉത്തരവാദിത്തങ്ങൾ യുവതാരം ഋതുരാജ് ഗെയ്ക്വാദിന് കൈമാറിയ ധോണി കഴിഞ്ഞ ദിവസം ചെന്നൈയിലെ സത്യം സിനിമാസിലാണ് ടീം അംഗം ദീപക് ചാഹറിനൊപ്പം 'മഞ്ഞുമ്മൽ ബോയ്‌സ്' കാണാനെത്തിയത്.

തിയറ്ററിൽനിന്നിറങ്ങിയ ധോണിയെയും ചാഹറിനെയും ആരാധകർ ആർപ്പുവിളികളോടെയാണ് വരവേറ്റത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് തോൽപിച്ചിരുന്നു. മത്സരത്തിൽ വിക്കറ്റ് കീപ്പറായിരുന്നെങ്കിലും ധോണി ബാറ്റിങ്ങിനിറങ്ങിയിരുന്നില്ല. 26ന് കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രണ്ടാം മത്സരം.