കൊച്ചി: ഇന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ ചിത്രമായിരുന്നു മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം. ലോകം മുഴുവൻ ഈ സിനിമ എത്തിപ്പെടുകയും ചെയ്തു. രണ്ട് ഭാഗങ്ങളും വലിയ ഹിറ്റായതിന് പിന്നാലെ ചിത്രത്തിന് മൂന്നാം ഭാഗം വരുന്നു എന്ന വിധത്തിലാണ് സൈബറിടത്തിൽ പ്രചരണങ്ങൾ.

ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടക്കുകയാണ്. ഹിന്ദിയിലും മലയാളത്തിലും ചിത്രം ഒന്നിച്ചെത്തുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വാർത്തയെ തള്ളി അണിയറപ്രവർത്തകർ എത്തിയിരിക്കുകയാണ്. ദൃശ്യം മൂന്നിനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

'ദൃശ്യ മൂന്നാം ഭാഗത്തിന്റെ കഥയുമായി പലരും സംവിധായകൻ ജീത്തു ജോസഫിനെ സമീപിക്കുന്നുണ്ട്. രണ്ടാംഭാഗം ആലോചിച്ചപ്പോൾ പറഞ്ഞത് പോലെ പുറത്തുനിന്നുള്ള ആളുകളുടെ കഥ അണിയറപ്രവർത്തകർ പരിഗണിക്കുന്നില്ല. സംവിധായകൻ മൂന്നാംഭാഗത്തിനായി ശ്രമിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ച് സൂചന കൊടുക്കാൻ പോലും ഇപ്പോഴായിട്ടില്ല. എന്നാൽ പുറത്ത് പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണ്. അങ്ങനെയൊരു തീരുമാനം അണിയറപ്രവർകത്തകർ എടുത്തിട്ടില്ല'- ദൃശ്യത്തിന്റെ അണിയറപ്രവർത്തകരെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ബോളിവുഡ് മാധ്യമമായ പിങ്ക് വില്ലയാണ് ദൃശ്യം മൂന്നിനെ കുറിച്ചുള്ള വാർത്ത പുറത്തു വിട്ടത്. ബോളിവുഡ് ദൃശ്യം 2 ന്റെ സംവിധായകൻ അഭിഷേ പഥക് ഒരു ആശയവുമായി ജീത്തു ജോസഫിനെ സമീപിച്ചെന്നും ഇത് ഇഷ്ടമായെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാവും സംവിധായകൻ മൂന്നാം ഭാഗത്തിന്റെ കഥ രൂപപ്പെടുത്തുക. അടുത്ത വർഷത്തോടെ ചിത്രം ആരംഭിക്കുമെന്നും വാർത്ത പ്രചരിക്കുന്നു.