- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാമുകി ആരാണെന്നോ എന്താണെന്നോ പോലും ചോദിച്ചില്ല, ഉറച്ച തീരുമാനമാണോ എന്ന് മാത്രമായിരുന്നു അറിയേണ്ടത്'; അവര്ക്ക് കിട്ടാതെ പോയ പിന്തുണ മക്കൾക്ക് നല്കണമെന്ന് അച്ഛന് ഉറപ്പിച്ചിരിന്നുവെന്ന് ധ്യാൻ
കൊച്ചി: ശ്രീനിവാസന്റെ വിയോഗവാർത്ത മലയാളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. അച്ഛന്റെ ഭൗതികദേഹത്തിന് അരികിലിരുന്ന് വിതുമ്പുന്ന ധ്യാൻ ശ്രീനിവാസന്റെ ദൃശ്യങ്ങൾ ആരാധകർക്കും നോവായി മാറി. ഈ സാഹചര്യത്തിൽ, തന്റെ ജീവിതത്തിലെ നിർണ്ണായക തീരുമാനങ്ങളിൽ അച്ഛൻ നൽകിയ പിന്തുണയെക്കുറിച്ച് മുൻപ് ധ്യാൻ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധേയമാവുകയാണ്. ശ്രീനിവാസൻ എന്ന അച്ഛൻ മക്കൾക്ക് നൽകിയിരുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമാണ് സോഷ്യൽ മീഡിയയിലിപ്പോൾ ചർച്ചകൾ നടക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും തന്നെ ഉപദേശിക്കാൻ അച്ഛൻ മുതിർന്നിട്ടില്ലെന്ന് ധ്യാൻ മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയെ (അർപ്പിത) വിവാഹം കഴിക്കണമെന്ന തന്റെ ആഗ്രഹം പറഞ്ഞപ്പോൾ ശ്രീനിവാസൻ എടുത്ത നിലപാട് വിപ്ലവകരമായിരുന്നുവെന്ന് ധ്യാൻ ഓർക്കുന്നു. "ശ്രീനിവാസന്റെ മകൻ മറ്റൊരു മതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുന്നു എന്നത് ആളുകൾക്ക് വേണമെങ്കിൽ പ്രശ്നമാക്കാവുന്ന ഒരു വിഷയമായിരുന്നു. എന്നാൽ അച്ഛൻ എന്റെ കാമുകി ആരാണെന്നോ എന്താണെന്നോ പോലും ചോദിച്ചില്ല. ഉറച്ച തീരുമാനമാണോ എന്ന് മാത്രമാണ് അദ്ദേഹം ചോദിച്ചത്," ധ്യാൻ പറയുന്നു. അമ്മയോടാണ് താൻ ആദ്യം കാര്യം പറഞ്ഞത്. അമ്മ അച്ഛനോട് പറഞ്ഞു. പിറ്റേദിവസം തന്നെ അച്ഛൻ അമ്മയെയും കൂട്ടി പെൺകുട്ടിയുടെ വീട്ടിൽ പോയി സംസാരിക്കുകയായിരുന്നു. തന്റെ അച്ഛനും അമ്മയും രജിസ്റ്റർ വിവാഹം ചെയ്തവരായിരുന്നു. അന്ന് അവർക്ക് വീട്ടിൽ നിന്ന് ലഭിക്കാതെ പോയ പിന്തുണ തങ്ങളുടെ മക്കൾക്ക് നൽകണമെന്ന് അച്ഛൻ ഉറപ്പിച്ചിരുന്നുവെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
"അച്ഛൻ സ്നേഹം പ്രകടിപ്പിക്കാത്ത ഒരാളാണ്. പക്ഷേ ഉള്ളിന്റെ ഉള്ളിൽ നമ്മളെ എത്രത്തോളം കരുതുന്നുണ്ടെന്ന് അറിയാം. അച്ഛൻ തന്നെ ഉപദേശിക്കാത്തതിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അച്ഛൻ അദ്ദേഹത്തെ ഒരുപാട് ഉപദേശിച്ചിട്ടുണ്ട്, എന്നാൽ അദ്ദേഹം അത് കേട്ടിട്ടില്ല. അത് വർക്ക് ഔട്ട് ആകില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു," ധ്യാൻ തമാശരൂപേണ പറഞ്ഞു.താൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അച്ഛനുമായി ഇതുവരെ കാര്യമായി സംസാരിച്ചിട്ടില്ലെന്നും, എങ്കിലും മക്കൾക്ക് എന്തിനും ഏതിനും നൽകിയിരുന്ന ആ വലിയ സ്വാതന്ത്ര്യമാണ് തന്നെ ഇന്ന് കാണുന്ന ധ്യാനായി മാറ്റിയതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഇണങ്ങിയും പിണങ്ങിയും സൗഹൃദത്തോടെയും മുന്നോട്ട് പോയ ആ അച്ഛൻ-മകൻ ബന്ധം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.




