'അച്ഛന്റെ (ശ്രീനിവാസന്‍) സുഹൃത്തുക്കളുമായി അധികം ഇടപഴകാറില്ല. സിനിമയിലെ പ്രകടനം മോശമാണെങ്കില്‍ വീട്ടിലേക്ക് വിളി പോകും എന്ന ഭയമാണ് കാരണം,'' എന്ന് ധ്യാന്‍ ശ്രീനിവാസന്‍. പാലക്കാട്ട് നടക്കുന്ന ഭീഷ്മര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ സെറ്റിലായിരുന്നു മാധ്യമങ്ങളോട് ധ്യനിന്റെ പ്രതികരണം.

''വളരെ ചെറുപ്പത്തില്‍ കണ്ടതാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ അങ്കിളിനെ. അച്ഛന്റെ സുഹൃത്തായതിനാല്‍ ഇടപെടലുകള്‍ കുറവാണ്. അച്ഛന്റെ സുഹൃത്തുക്കള്‍ ഇന്നേവരെ പാര മാത്രമേ വെച്ചിട്ടുള്ളൂ. ഇപ്പോള്‍ പെര്‍ഫോമന്‍സ് മോശമാണെങ്കില്‍ വിളി പോകും. അതുകൊണ്ട് ടെന്‍ഷനുണ്ട്,'' ധ്യാന്‍ പറഞ്ഞു. കൂടാതെ മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 'അമ്മ'യുടെ പുതിയ കമ്മിറ്റിക്കു ആശംസകളും അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ഭീഷ്മര്‍ യുവജനങ്ങളും കുടുംബപ്രേക്ഷകരും ഒരുപോലെ ആസ്വദിക്കാവുന്ന റൊമാന്റിക്-ഫണ്‍-ഫാമിലി എന്റര്‍ടെയ്‌നറാണ്. ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണിക്കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കള്ളനും ഭഗവതിക്കും ശേഷം വിജയനും വിഷ്ണു ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണിത്.

ദിവ്യ പിള്ളയും രണ്ട് പുതുമുഖങ്ങളുമാണ് നായികമാരായി എത്തുന്നത്. ഇന്ദ്രന്‍സ്, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, സെന്തില്‍ കൃഷ്ണ, ജിബിന്‍ ഗോപിനാഥ്, വിനീത് തട്ടില്‍, സന്തോഷ് കീഴാറ്റൂര്‍, ബിനു തൃക്കാക്കര, മണികണ്ഠന്‍ ആചാരി, അബു സലിം, ജയന്‍ ചേര്‍ത്തല, സോഹന്‍ സീനുലാല്‍, വിഷ്ണു ഗ്രൂവര്‍, ശ്രീരാജ്, ഷൈനി വിജയന്‍ എന്നിവരടങ്ങുന്ന വന്‍ താരനിരയും ചിത്രത്തിലുണ്ട്.