തിരുവനന്തപുരം: മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച താരജോഡികളായിരുന്നു മോഹൻലാലും ശ്രീനിവാസനും. അടുത്തകാലത്തായി ഇരുവരും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ല. മോഹൻലാലിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. മോഹൻലാൽ ഹിപ്പോക്രാറ്റാണ് എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. ഇപ്പോൾ അതിൽ പ്രതികരണവുമായി താരത്തിന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മോഹൻലാൽ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ പറഞ്ഞത് തിരിച്ചറിവില്ലാത്തതു കൊണ്ടാണ് എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. ശ്രീനിവാസൻ ഉൾപ്പടെയുള്ള എഴുത്തുകാർക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ല എന്നാണ് താരം പറയുന്നത്. മാതൃഭൂമിയുടെ സാഹിത്യോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

എവിടെയൊക്കെയോ അവർക്കൊരു അഹങ്കാരമുണ്ട്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് വർഷങ്ങൾക്കു ശേഷം മോഹൻലാൽ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛൻ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന ഒരു പ്രസ്താവന ഒരിക്കലും അഭിപ്രായമല്ല. ഒരുപാട് അറിവ് സമ്പാദിക്കുമ്പോൾ അതിനൊപ്പം അഹങ്കാരവും ധാർഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. ഒരുപാട് വായിച്ച് അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കിൽ അവൻ ലോകതോൽവിയാണ്.- ധ്യാൻ പറഞ്ഞു.

സരോജ് കുമാർ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹൻലാലിനും ഇടയിൽ വിള്ളൽ വീണെന്നും ഇരുവരും ഇപ്പോൾ സംസാരിക്കാറില്ലെന്നും ധ്യാൻ പറയുന്നത്. 'വീട്ടിൽ നമുക്ക് എന്തും പറയാം. പക്ഷേ, മോഹൻലാലിനെപ്പോലൊരു മഹാനടനെക്കുറിച്ച് പറയുമ്പോൾ കേൾക്കുന്നവർ ആ സെൻസിൽ എടുക്കണമെന്നില്ല.'

അച്ഛനെ ഏറ്റവും അടുത്ത് മനസ്സിലാക്കിയ ആൾ താനാണ് എന്നാണ് ധ്യാൻ പറയുന്നത്. എന്റെ അച്ഛനെ ഞാൻ മനസ്സിലാക്കിടത്തോളം ചേട്ടൻ മനസ്സിലാക്കിക്കാണില്ല. എന്തൊക്കെ പറഞ്ഞാലും എനിക്ക് ലോകത്ത് ഏറ്റവും സ്‌നേഹവും ഇഷ്ടവുമുള്ള മനുഷ്യൻ എന്റെ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടെയുള്ളൂ എനിക്ക് ലോകത്ത് എന്തും- താരം കൂട്ടിച്ചേർത്തു.