കൊച്ചി: ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയതിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസൻ രംഗത്ത്. തീരുമാനത്തെ തള്ളാതെയാണ് ധ്യാൻ രംഗത്തുവന്നത്. അസോസിയേഷൻ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയിൽ ഇടപെടാനോ പോകില്ലെന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.

സത്യസന്ധമായ പരാതി ലഭിച്ചതുകൊണ്ടായിരിക്കും അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു. നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടാകാമെന്നും അല്ലാതെ അസോസിയേഷൻ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയിൽ ഇടപെടാനോ പോകില്ലെന്നും ഒരു അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.

'ഷെയ്ൻ നിഗവുമായി ഞാൻ വർക്ക് ചെയ്തിട്ടില്ല. അതുകൊണ്ട് അറിയില്ല. ശ്രീനാഥ് ഭാസിയുമായി വർക്ക് ചെയ്യുന്ന സമയത്ത് ഇപ്പോൾ പറയുന്ന പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്ത് തന്നെയായാലും ശരിയായ പരാതി ലഭിച്ചതുകൊണ്ടായിരിക്കണമല്ലോ അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടാവുക'- ധ്യാൻ പറഞ്ഞു.

കൃത്യമായി പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും പരാതികൾ വരുമ്പോഴാണ് ഇങ്ങനെ നടപടി ഉണ്ടാകുന്നതെന്ന് ധ്യാൻ ചൂണ്ടിക്കാട്ടി. 'അല്ലാതെ പെട്ടെന്നൊരു ദിവസം ഇങ്ങനെ ചെയ്യില്ലല്ലോ. തുടരെ പരാതികൾ ലഭിച്ചിട്ടുണ്ടാകാം. അല്ലാതെ അസോസിയേഷൻ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയിൽ ഇടപെടാനോ പോകില്ല. സത്യസന്ധമായിട്ടുള്ള പരാതികൾ ആയിരിക്കാം'- ധ്യാൻ പറഞ്ഞു.

ഏപ്രിൽ 25നാണ് നടന്മാരായ ഷെയിൻ നിഗമിനും ശ്രീനാഥ് ഭാസിക്കും മലയാള സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയത്.