മുംബൈ: ബോളിവുഡ് താരമായ അജയ് ദേവ്ഗണിന്റെ പുതിയ സിനിമായ 'സിങ്കം എഗെയ്ന്‍' റിലീസിനൊരുങ്ങുകയാണ്. മുന്‍പിറങ്ങിയ സിങ്കം സിനിമകളെല്ലാം വലിയ വിജയമായിരുന്നു. ഇതിനിടെയാണ് വീണ്ടും മാസ്സ് മാസാല ചിത്രമായി സിങ്കം എത്തുന്നത്. മാസ് എന്റര്‍ടെയ്‌നിങ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

വമ്പന്‍ ആക്ഷന്‍ സീക്വന്‍സുകളുള്ള സിങ്കത്തിന്റെ ഷൂട്ടിങ്ങിനിടെ കണ്ണിന് പരിക്കേറ്റ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അജയ് ദേവ്ഗണ്‍. സല്‍മാന്‍ ഖാന്‍ ഹോസ്റ്റ് ചെയ്യുന്ന ബിഗ് ബോസ് 18 വേദിയില്‍ സിനിമയുടെ പ്രമോഷന് എത്തിയപ്പോഴാണ് താരം ഇക്കാര്യങ്ങള്‍ പറയുന്നത്. കട്ടിയുള്ള കൂളിങ് ഗ്ലാസ് ധരിച്ചാണ് അജയ് ദേവ്ഗണ്‍ ബിഗ് ബോസ് വേദിയിലെത്തിയത്. കണ്ണ് വീങ്ങിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സല്‍മാന്‍, ഇക്കാര്യം താരത്തോട് ചോദിക്കുകയായിരുന്നു.

ആക്ഷന്‍ സീക്വന്‍സിനിടെ കണ്ണില്‍ അടിയേല്‍ക്കുകയും തുടര്‍ന്ന് സാരമായ പരിക്കു പറ്റിയെന്നും അജയ് മറുപടി നല്‍കി. പിന്നാലെ ചെറിയ സര്‍ജറി നടത്തേണ്ടിവന്നു. രണ്ട് -മൂന്ന് മാസത്തേക്ക് ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ഭേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മറുപടിയായി സംഘട്ടന രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഇതെല്ലാം സാധാരണമാണെന്ന് സല്‍മാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

അതേസമയം ദിവാലി റിലീസായി നവംബര്‍ ഒന്നിനാണ് 'സിങ്കം എഗെയ്ന്‍' വെള്ളിത്തിരയിലെത്തുന്നത്. രോഹിത് ഷെട്ടിയുടെ 'കോപ് യൂനിവേഴ്‌സി'ലെ ഏറ്റവും വലിയ ചിത്രമാണിത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ സല്‍മാന്‍ ഖാനും എത്തുന്നുണ്ട്.