ചെന്നൈ: മലയാള സിനിമയെയും അഭിനേതാക്കളെയും പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്. താൻ അടുത്തിടെ കണ്ട 'പൊൻമാൻ', 'എക്കോ' എന്നീ ചിത്രങ്ങൾ ഏറെ ആകർഷിച്ചുവെന്നും മലയാള സിനിമ ഇപ്പോൾ തികച്ചും വ്യത്യസ്തമായ തലത്തിലാണെന്നും അദ്ദേഹം സമൂഹ മാധ്യമമായ 'എക്സി'ലൂടെ അഭിപ്രായപ്പെട്ടു.

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ദിനേശ് കാർത്തിക് കഴിഞ്ഞയാഴ്ച താൻ കണ്ട രണ്ട് ഉന്നത നിലവാരമുള്ള മലയാള സിനിമകളാണ് 'പൊൻമാനും' 'എക്കോ'യുമെന്നും കുറിച്ചു. 'പൊൻമാൻ' എന്ന ചിത്രത്തിലെ ബേസിൽ ജോസഫിന്റെ അഭിനയത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. "ബേസിലിന്റെ അഭിനയമികവിലൂടെയാണ് സിനിമ ജീവസ്സുറ്റതായി മുന്നോട്ടുപോകുന്നത്. സഹതാരങ്ങളും ഉറച്ച പിന്തുണ നൽകി," കാർത്തിക് തന്റെ എക്സ് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' എന്ന ചിത്രം ഛായാഗ്രഹണം, ലൊക്കേഷനുകൾ, വ്യതിരിക്തമായ കഥ എന്നിവയിലൂടെ തന്നെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. "സിനിമ കാണുന്ന ലോകത്തിന് മുന്നിൽ പുഞ്ചിരി വിടർത്തുന്നതിനായി ഇത്തരം കൂടുതൽ സിനിമകൾ നിർമ്മിക്കുക" എന്നും ദിനേശ് കാർത്തിക് ആവശ്യപ്പെട്ടു. വ്യത്യസ്തമായ പ്രമേയങ്ങളും വേറിട്ട അഭിനയമികവുമാണ് മലയാള സിനിമയെ തലയുയർത്തി നിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എക്കോ'യുടെ കഥയൊരുക്കിയിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, സൗരഭ് സച്ച്ദേവ, അശോകൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ വേഷമിട്ടത്. 2025-ൽ തിയേറ്ററുകളിലെ പണംവാരി ചിത്രങ്ങളിൽ മുൻനിരയിലാണ് 'എക്കോ'.