കൊച്ചി: വലിയ പ്രേക്ഷകശ്രദ്ധ നേടി പ്രദർശനം തുടരുന്ന മലയാള ചിത്രം 'എക്കോ'യുടെ പേരിനു പിന്നിലെ കഥ വെളിപ്പെടുത്തി സംവിധായകൻ ദിൻജിത്ത് അയ്യത്താൻ. ബാഹുൽ രമേഷിന്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ ഒരുക്കിയ ഈ മിസ്റ്ററി ത്രില്ലർ, 'അനിമൽ ട്രൈലോജി'യിലെ അവസാന ഭാഗമാണ്. കുര്യച്ചൻ എന്ന ദുരൂഹനായ നായ പരിശീലകനെക്കുറിച്ചുള്ള കഥകൾ പറയുന്ന ചിത്രത്തിന്റെ ശീർഷകം പലരിലും ആകാംക്ഷയുണർത്തിയിരുന്നു. ഈ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ടാണ്, പേരിന്റെ ഉത്ഭവം സംസ്കൃതത്തിലെ 'ഏക' എന്ന വാക്കിൽ നിന്നാണെന്ന് സംവിധായകൻ വ്യക്തമാക്കിയത്. 'ഏക' എന്നാൽ 'ഒന്ന്' അല്ലെങ്കിൽ 'ഒറ്റപ്പെട്ടത്' എന്നാണർത്ഥം.

"ആദ്യംഎന്ത് പേര് കൊടുക്കും എന്ന് വലിയൊരു കൺഫ്യൂഷനിലായിരുന്നു ഞങ്ങൾ. ഒരു ഇം​ഗ്ലീഷ് പേര് കൊടുത്താൽ പ്രേക്ഷകർ അതെങ്ങനെ എടുക്കും എന്നൊരു സംശയവുമൊക്കെയുണ്ടായിരുന്നു. 'ഞങ്ങൾ കുറച്ച് ലിസ്റ്റ് ഇട്ടതിൽ ആദ്യത്തെ പേരായിരുന്നു എക്കോ. ബാഹുലിന്റെ അടുത്ത് ഓരോ പേര് പറയുമ്പോഴും ബാഹുൽ പറയും ഇത് വേണ്ട, വേറെ നോക്കാം എന്ന്. പിന്നെ കാഷ്വലായിട്ട് എക്കോ പോലെയൊരു പേര് ആയാൽ എങ്ങനെയുണ്ടാകുമെന്ന് ചോദിച്ചു. അപ്പോൾ ബാ​ഹുൽ പറഞ്ഞു അത് ഓക്കെയാണ്. സംവിധായകൻ പറഞ്ഞു.

'ഏക' എന്നാണ് വാക്കിന്റെ സംസ്കൃത ഭാഷയിലുള്ള അർഥം. ഒരൊറ്റ മാസ്റ്റർ എന്ന അർഥത്തിൽ ചിലർ 'പ്രതിധ്വനി' എന്നും ഈ വാക്കിനെ ഉപയോ​ഗിക്കാറുണ്ട്. മലായ ഭാഷയിൽ 'ടെയ്‌ൽ' (വാൽ) എന്നാണ് എക്കോയുടെ അർഥം. കാട്ടുകുന്നിലെ ഏകാന്തമായ മലമുകളിൽ നടക്കുന്ന കഥയുടെ കേന്ദ്രബിന്ദു കുര്യച്ചനാണ്. ഈ 'ഏക' എന്ന ആശയം ചിത്രത്തിലെ പ്രമേയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഒറ്റപ്പെട്ട ഒരിടം, ഒറ്റയ്ക്ക് ജീവിക്കുന്ന കഥാപാത്രങ്ങൾ, ഒരാൾക്ക് മാത്രം വശംവദരായ നായകൾ, ആ ഒരു രഹസ്യം തേടിയുള്ള യാത്ര – ഈ 'ഒറ്റ' എന്ന ഭാവമാണ് സിനിമയുടെ നട്ടെല്ല്.

നായ പരിശീലകനായ കുര്യച്ചൻ, അയാളുടെ ഭാര്യ മ്ലാത്തി ചേടത്തി, സഹായി പീയൂസ് എന്നിവരിലൂടെ സഞ്ചരിക്കുന്ന 'എക്കോ', കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം നൽകുന്നുണ്ട്. ബാഹുൽ രമേഷിന്റെ തിരക്കഥയും സിനിമാറ്റോഗ്രഫിയും ചിത്രത്തിന് മികച്ച പ്രതികരണമാണ് നേടിക്കൊടുക്കുന്നത്.