മുംബൈ: 'ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ നടൻ പ്രകാശ് രാജിന് മറുപടിയുമായി സംവിധായകൻ കാമാഖ്യ നാരായൺ സിങ്. പ്രകാശ് രാജ് ബൗദ്ധികമായി പാപ്പരായിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ നിലവാരം ഇത്ര താഴ്ന്നതാണെന്ന് കരുതിയിരുന്നില്ലെന്നും സംവിധായകൻ എഎൻഐയോട് പ്രതികരിച്ചു.

കേരളത്തിലെ ഭക്ഷണവൈവിധ്യങ്ങളുടെ ചിത്രം പങ്കുവെച്ച് 'ഇതാണ് യഥാർത്ഥ കേരള സ്റ്റോറി' എന്ന് പ്രകാശ് രാജ് കുറിച്ചതാണ് സംവിധായകനെ ചൊടിപ്പിച്ചത്. ബീഫും പോർക്കും മീനും സദ്യയുമെല്ലാം ഒത്തൊരുമയോടെ നിലനിൽക്കുന്നതാണ് കേരളമെന്നായിരുന്നു പ്രകാശ് രാജിന്റെ പക്ഷം. ഇതിനെതിരെയാണ് രൂക്ഷമായ ഭാഷയിൽ കാമാഖ്യ നാരായൺ രംഗത്തെത്തിയത്.

"പ്രകാശ് രാജ് നിലവാരമുള്ള നടനാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ അദ്ദേഹവും സാധാരണക്കാരെപ്പോലെ താഴ്ന്ന നിലവാരത്തിലേക്ക് മാറിയിരിക്കുന്നു. അദ്ദേഹം എന്ത് കഴിക്കുന്നു എന്നത് എനിക്ക് വിഷയമല്ല. എന്നാൽ നമ്മുടെ പെൺകുട്ടികളെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുകയും മതം മാറ്റുകയും ചെയ്യുന്നില്ലേ? പ്രകാശ് രാജിന്റെ മനസ്സാക്ഷിയെ ഞാൻ ചോദ്യം ചെയ്യുന്നു. ഒരാളെ നിർബന്ധിച്ച് മതം മാറ്റുന്നതും ബീഫ് കഴിപ്പിക്കുന്നതും ഇന്ത്യൻ സമൂഹം അംഗീകരിക്കില്ല."

ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ചിത്രം 'ബുൾഷിറ്റ് പ്രൊപ്പഗാണ്ട' ആണെന്നാണ് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് വിശേഷിപ്പിച്ചത്. ഫെബ്രുവരി 27-നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.