- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചാന്തുപൊട്ടിലെ ദിലീപിന്റെ കഥാപാത്രം ട്രാൻസ്ജെൻഡറല്ല'; അവാർഡ് നഷ്ടമായത് വേണ്ടപ്പെട്ടവർ എതിർത്തതുകൊണ്ട്; വെളിപ്പെടുത്തലുമായി ലാൽ ജോസ്
കൊച്ചി: മലയാള സിനിമയിൽ ഏറെ ചർച്ചയായ ചിത്രമായിരുന്നു ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ 'ചാന്തുപൊട്ട്'. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ദിലീപിന്റെ കഥാപാത്രം ട്രാൻസ്ജെൻഡർ ആയിരുന്നില്ലെന്നും രാധ എന്ന രാധാകൃഷ്ണന് ചില സ്വഭാവപരമായ പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് ദിലീപിനെയായിരുന്നു ജൂറിയിലെ ഭൂരിപക്ഷം പേരും തിരഞ്ഞെടുത്തതെന്നും എന്നാൽ സിനിമാരംഗത്തെ 'വേണ്ടപ്പെട്ടവർ' തന്നെ എതിർത്തതുകൊണ്ടാണ് പുരസ്കാരം നഷ്ടമായതെന്നും ലാൽ ജോസ് ഒരു ഓൺലൈൻ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. 'ചാന്തുപൊട്ട്' ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തിന്റെ കഥയാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ലാൽ ജോസ് ചൂണ്ടിക്കാട്ടി. 'ആളുകൾ കഥ അറിയാതെയാണ് സിനിമയെ വിലയിരുത്തിയത്. അയാൾക്ക് സ്വഭാവത്തിൽ ചില പ്രശ്നങ്ങളുണ്ട് എന്നേയുള്ളൂ.
സിനിമയിൽ ആ കഥാപാത്രം ഒരു പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും കുഞ്ഞുണ്ടാവുകയും ചെയ്യുന്നുണ്ട്. ലൈംഗികമായി അയാൾക്ക് പ്രശ്നങ്ങളില്ലായിരുന്നു,' ലാൽ ജോസ് വിശദീകരിച്ചു. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രം, എൽജിബിടിക്യു സമൂഹത്തിന് മാനസിക ആഘാതമുണ്ടാക്കിയെന്ന തരത്തിൽ പിന്നീട് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
'ആ കഥാപാത്രം നേരത്തെ തന്നെ ദിലീപിന്റെ ഉള്ളിലുണ്ടായിരുന്നു. സാധാരണ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള സ്കിറ്റുകളിൽ പലരും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ട്. എന്നാൽ ഒരു സിനിമയുടെ തുടക്കം മുതൽ 60 ദിവസം വരെ ആ കഥാപാത്രമായി ജീവിക്കുന്നത് ഒരു നടന്റെ മിടുക്കാണ്,' അദ്ദേഹം പറഞ്ഞു.
കഥാപാത്രത്തിനായി ആദ്യം തിരഞ്ഞെടുത്ത അയഞ്ഞ വസ്ത്രങ്ങൾ മാറ്റി, ശരീരത്തോട് ചേർന്നുകിടക്കുന്ന വസ്ത്രങ്ങൾ വേണമെന്ന് ദിലീപ് നിർബന്ധം പിടിച്ചു. 'എന്റെ ശരീരം എനിക്ക് ഫീൽ ചെയ്യണം' എന്നായിരുന്നു ഇതിന് അദ്ദേഹം നൽകിയ വിശദീകരണം. തലയാട്ടുമ്പോൾ ഇളകുന്ന തരത്തിലുള്ള വിഗ് വേണമെന്നതും ദിലീപിന്റെ നിർദ്ദേശമായിരുന്നുവെന്നും ഇതെല്ലാം കഥാപാത്രത്തെ മികച്ചതാക്കാൻ സഹായിച്ചുവെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.