കൊച്ചി: ഷാജി പാപ്പനും സംഘവും ബോക്സ് ഓഫീസിൽ തകർത്തോടുമ്പോൾ, ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ വിസ്മയിപ്പിക്കുകയാണ് 'ആട് 3'. ചിത്രത്തിന്റെ വൻ വിജയത്തിനിടയിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ നിന്നും ഏറെ പ്രിയപ്പെട്ട ഒരു രംഗം നീക്കം ചെയ്യേണ്ടി വന്നതിലുള്ള സങ്കടമാണ് മിഥുൻ പങ്കുവെച്ചത്.

താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്ത വാർത്താ സമ്മേളനത്തിലായിരുന്നു സംവിധായകന്റെ തുറന്നുപറച്ചിൽ. യുവനടൻ അക്ഷയ് രാധാകൃഷ്ണൻ അഭിനയിച്ച മികച്ചൊരു രംഗം എഡിറ്റിംഗ് ടേബിളിൽ ഒഴിവാക്കേണ്ടി വന്നതാണ് മിഥുനെ വിഷമിപ്പിച്ചത്. സിനിമയിലെ ഏറ്റവും രസകരമായ ഭാഗങ്ങളിലൊന്നായിരുന്നു ആ രംഗമെന്ന് മിഥുൻ പറയുന്നു.

"അക്ഷയ് രാധാകൃഷ്ണൻ അഭിനയിച്ച ഒരു അടിപൊളി സീനുണ്ടായിരുന്നു. വില്ലേജിൽ വെച്ചുള്ള 'മാടൻ കണ്ടപ്പന്റെ' രംഗം. ഭയങ്കര രസകരമായ, നല്ല ഹ്യൂമറുള്ള സീനായിരുന്നു അത്. ഞങ്ങളുടെ സിനിമയിലെ ഏറ്റവും മനോഹരമായ സീനുകളിലൊന്നാണത്. അത് ഒഴിവാക്കേണ്ടി വന്നതിൽ എനിക്ക് വലിയ വിഷമമുണ്ട്. ഇതുവരെ അക്ഷയ്‌യെ വിളിച്ച് ഞാൻ സോറി പറഞ്ഞിട്ടില്ല. അക്ഷയ്, സോറി. സിനിമയുടെ ദൈർഘ്യം പരിഗണിച്ച് അത് മാറ്റേണ്ടി വന്നതാണ്. എങ്കിലും പ്രേക്ഷകർക്ക് വിഷമിക്കണ്ട, 'ഡയറക്ടേഴ്സ് കട്ട്' ആയി യൂട്യൂബിൽ ആ സീൻ ഉടൻ കാണാൻ സാധിക്കും."

സംവിധായകന്റെ ഖേദപ്രകടനത്തിന് പിന്നാലെ മറുപടിയുമായി അക്ഷയ് രാധാകൃഷ്ണനും രംഗത്തെത്തി. മിഥുന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ച വാക്കുകൾ ആരാധകരുടെ കൈയടി നേടുകയാണ്. രംഗം ഒഴിവാക്കിയതിൽ തനിക്ക് പരിഭവമില്ലെന്ന് അക്ഷയ് വ്യക്തമാക്കി. "ഇതെല്ലാം ഒരു പ്രോസസിന്റെ ഭാഗമാണ്. ആട് 3 എന്ന വലിയ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും നന്ദിയുമുണ്ട്," എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ആട് 3-ൽ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥാപാത്രമായാണ് അക്ഷയ് എത്തുന്നത്. സ്ക്രീനിൽ കുറച്ചു സമയമേ ഉള്ളൂവെങ്കിലും താരത്തിന്റെ പ്രകടനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.