- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എനിക്ക് ഒരു സംശയവുമില്ല, സ്ത്രീ ശാക്തീകരണത്തിൻ്റെ ഏറ്റവും വലിയ പ്രതീകമാണ് ഗീതു മോഹൻദാസ്'; ഒരു പുരുഷ സംവിധായകനായും താരതമ്യം ചെയ്യാനാകില്ല; കുറിപ്പുമായി രാം ഗോപാൽ വർമ്മ
മുംബൈ: യാഷ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'ടോക്സിക്കി'ന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായിക ഗീതു മോഹൻദാസിനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. സ്ത്രീ ശാക്തീകരണത്തിന്റെ യഥാർത്ഥ പ്രതീകമാണ് ഗീതു മോഹൻദാസെന്ന് വർമ്മ അഭിപ്രായപ്പെട്ടു. എന്നാൽ, ടീസറിലെ ചില ദൃശ്യങ്ങളുടെ പേരിൽ ഗീതു മോഹൻദാസിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
യഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട 'ടോക്സിക്കി'ന്റെ ടീസർ ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ ടീസർ കണ്ടതിന് പിന്നാലെയാണ് രാം ഗോപാൽ വർമ്മ ഗീതു മോഹൻദാസിനെ പ്രശംസിച്ച് രംഗത്തെത്തിയത്. "യഷ് അഭിനയിക്കുന്ന 'ടോക്സിക്കി'ന്‍റെ ട്രെയിലർ കണ്ടതിന് ശേഷം എനിക്ക് ഒരു സംശയവുമില്ല, ഗീതു മോഹൻദാസ് ആണ് സ്ത്രീ ശാക്തീകരണത്തിൻ്റെ ഏറ്റവും വലിയ പ്രതീകം. ഒരു പുരുഷ സംവിധായകനുമായും ഈ സ്ത്രീയെ താരതമ്യം ചെയ്യാൻ കഴിയുന്നില്ല... അവരാണ് ഇത് ചിത്രീകരിച്ചതെന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല" എന്നായിരുന്നു രാം ഗോപാൽ വർമ്മയുടെ വാക്കുകൾ. ഗീതു മോഹൻദാസിനെ ഒരു പുരുഷ സംവിധായകനുമായും താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യഷിന്റെ കഥാപാത്രത്തിന്റെ മാസ് ഇൻട്രൊഡക്ഷൻ ഉൾപ്പെട്ട ടീസറിൽ ആക്ഷൻ രംഗങ്ങൾക്കൊപ്പം ചില "ഹോട്ട്" ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗീതു മോഹൻദാസിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നത്. നേരത്തെ, മമ്മൂട്ടി ചിത്രം 'കസബ'യിലെ സ്ത്രീവിരുദ്ധതയെ ഗീതു മോഹൻദാസ് ശക്തമായി വിമർശിച്ചിരുന്നു. എന്നാൽ 'ടോക്സിക്കിൽ' നായകന് വേണ്ടി അതേ രീതിയിലുള്ള ഘടകങ്ങൾ തന്നെയാണ് അവർ ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രധാന വിമർശനം. "ഗീതു ഇനി WCCയുടെ മുഖത്ത് എങ്ങനെ നോക്കും?", "കസബ എത്രയോ ഭേദം" തുടങ്ങിയ ചോദ്യങ്ങളുമായി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.




