മിനിസ്‌ക്രീൻ താരങ്ങളായ ദിവ്യ ശ്രീധറും ഭർത്താവ് ക്രിസ് വേണുഗോപാലും വിവാഹ ജീവിതത്തെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും മനസ്സു തുറന്നു. ക്രിസിനെ വിവാഹം ചെയ്യുന്നതിനു മുൻപ്, സിംഗിൾ മദർ എന്ന നിലയിൽ മക്കളെ വളർത്തിയ കഷ്ടപ്പാടുകളാണ് ദിവ്യ പ്രധാനമായും പങ്കുവെച്ചത്.

"സെറ്റിൽ ആർക്കെങ്കിലും ഭക്ഷണം വേണ്ടെങ്കിൽ, അത് ഞാൻ മക്കൾക്ക് വേണ്ടി ചോദിച്ചുവാങ്ങി കൊണ്ടുപോകുമായിരുന്നു. വൈകുന്നേരം ഷൂട്ട് വൈകിയാൽ കുട്ടികളെ ഓർത്തുള്ള ടെൻഷൻ തുടങ്ങും," ദിവ്യ പറഞ്ഞു.

ദിവ്യയെ വിവാഹം ചെയ്തതിലെ എതിർപ്പുകൾ താൻ കാര്യമാക്കുന്നില്ലെന്ന് ക്രിസ് ആവർത്തിച്ചു. "ഞാൻ വരുന്നതിന് മുൻപ് കല്യാണം കഴിച്ച് ഒരു ജീവിതം തരാമെന്ന് എന്തുകൊണ്ട് ആരും പറഞ്ഞില്ല? അങ്ങനെ പറയാൻ ധൈര്യമില്ലാത്തവരോട് മറുപടി പറയേണ്ടതില്ല," എന്നും അദ്ദേഹം വ്യക്തമാക്കി.

മക്കൾക്ക് ദിവ്യയോടുള്ള സ്നേഹത്തെക്കുറിച്ചും ക്രിസ് സംസാരിച്ചു. മക്കളുടെ കാര്യത്തിൽ ദിവ്യയ്ക്ക് അമിത വാത്സല്യമാണുള്ളതെന്നും, എന്തു വന്നാലും അവരെ നോക്കാൻ അമ്മയുണ്ടെന്ന വിശ്വാസം അവർക്കുണ്ടെന്നും ക്രിസ് പറഞ്ഞു. താൻ മനസ് കൊണ്ടാണ് അവരുടെ അച്ഛനായതെന്നും ക്രിസ് കൂട്ടിച്ചേർത്തു.