യുട്യൂബറും ബിസിനസുകാരിയുമായ ദിയ കൃഷ്ണ കഴിഞ്ഞ ദിവസമാണ് അമ്മയായി. നടൻ കൃഷ്ണ കുമാറാണ് തന്റെ മകൾ അമ്മയായ വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ദിയ ഒരു ആൺ കുഞ്ഞിനാണ് ജന്മം നൽകിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാർ പറഞ്ഞിരുന്നു. പിന്നാലെ നിരവധി പ്രമുഖർ ആശംസകളുമായി എത്തിയിരുന്നു. അതിന് പിന്നാലെ ദിയ കൃഷ്ണ ഡെലിവറി വീഡിയോ പോസ്റ്റ് ചെയ്തത് ഏറെ വിമർശനങ്ങൾക്കും വഴിവെച്ചു. കടുത്ത സൈബർ ആക്രമണമാണ് ദിയ നേരിട്ടത്. അതുപോലെ ദിയയുടെ ചേച്ചി അഹാന കൃഷ്ണകുമാർ അനുജത്തിയെ ചേർത്ത് പിടിച്ചതും എല്ലാവരും കണ്ടിരുന്നു. സന്തോഷത്തിന് എന്നിൽ കണ്ണീർ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല, പക്ഷേ ജൂൺ5ന് അത് സംഭവിച്ചു എന്നുമാണ് അഹാന പറഞ്ഞത്.

ഇപ്പോഴിതാ, ദിയയുടെ പ്രസവ വ്‌ളോഗിനെ പിന്തുണച്ച് പോസ്റ്റുമായി എത്തിയിരിക്കുകയാണ് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മുൻ അസോ. പ്രഫസര്‍ ദീപ സെയ്റ. അമ്മ ഒരുങ്ങി സുന്ദരിയായി വന്ന് പ്രസവിച്ചാൽ ആർക്കാണിവിടെ നഷ്ടം?. ഈ വേദന എന്താണെന്ന് അനുഭവിച്ചവർക്ക് അറിയാമെന്നും എനിക്ക് എന്തായാലും അവരോട് അസൂയയാണ്. അവൾക്ക് ആശ്വാസമായി കുടുംബം മുഴുവൻ നിന്നുവെന്നും ദീപ കുറിക്കുന്നു.

ദീപയുടെ പോസ്റ്റിന്റെ പൂർണരൂപം...

ഇത് പിന്നെ എങ്ങനെ വേണെന്നാണ് കമന്റ് ബോക്സിലെ ചിലർ പറയുന്നത്? ഇരുട്ടുള്ള ഒരു ലേബർ റൂമിൽ മണിക്കൂറുകൾ അവൾ തനിച്ചു കിടക്കണം? അപരിചിതരായ കുറെ നഴ്സുമാരുടെയും ഡോക്ടർമാരുടെയും മുഖങ്ങൾ കണ്ട് അവരുടെ നിർദ്ദേശങ്ങൾക്കിടയിൽ വേദന കൊണ്ട് അലറി, പ്രിയപ്പെട്ട ആരുടേയും മുഖം കാണാതെ ഞാൻ മരിച്ചെങ്ങാൻ പോകുമോ ദൈവമേ എന്ന് ആശങ്കപ്പെട്ട്... അങ്ങനെ വേണോ ഒരു കുഞ്ഞു ജീവനെ ലോകത്തേക്ക് അതിന്റെ അമ്മ കൊണ്ട് വരാൻ?

എനിക്ക് അസൂയ തോന്നി ദിയയോടും അശ്വിനോടും. ഒരു കുടുംബം മുഴുവൻ ചുറ്റും നിൽക്കുമ്പോൾ അവരുടെ കൈ പിടിച്ച്, അവരുടെ ആശ്വസിപ്പിക്കൽ അനുഭവിച്ചു, ഒടുവിൽ അവരുടെയെല്ലാം കൈയടിയുടെ നടുവിലേക്ക് കുടുംബത്തിലെ പുതിയ അംഗം വരുന്നു, എന്തൊരു ഭംഗിയാണ്. ഈ വീഡിയോ കാണുന്ന ഓരോരുത്തരുടെയും കണ്ണ് നനഞ്ഞിട്ടുണ്ടാകും. ഹൃദയം നിറഞ്ഞിട്ടുണ്ടാകും. എന്നാൽ അതിനൊപ്പം തന്നെ ഈ വീഡിയോയ്ക്ക് നെഗറ്റീവും പറഞ്ഞു "നിനക്കൊക്കെ ചുമ്മാ പോയി പ്രസവിച്ചുവന്നാൽ പോരെ" എന്ന് ചോദിക്കുന്ന ചില കുലസ്ത്രീ–പുരുഷന്മാരും ഉണ്ട്. നല്ല വെടിപ്പായ അസൂയയാണ്, വേറൊന്നുമല്ല ആ ജല്പനങ്ങൾ! ആ വേദന എന്താണെന്ന് ചിലർ ഒന്നറിയാനെങ്കിലും ഈ വീഡിയോ ഉപകരിക്കും!

ഇനി അവൾ മേയ്ക്കപ് ചെയ്തിരുന്നു എന്നതാണ് അടുത്ത പ്രശ്നം. ഡോക്ടറുടെ നിർദ്ദേശപ്രകാരം സേഫ് ആയ കോസ്മെറ്റിക്സ് ഗർഭിണിയായ അമ്മയ്ക്ക് ഉപയോഗിക്കാം എന്നിരിക്കേ, ഇത് എങ്ങനെ വേണമെന്നാണ് കമന്റ് തൊഴിലാളികൾ പറയുന്നത്? അഴിഞ്ഞുലഞ്ഞ മുടി, വിളറി വെളുത്ത മുഖം, കരഞ്ഞു കലങ്ങിയ കണ്ണുകൾ, ഇതാവണോ പ്രസവമുറിയിലെ അവളുടെ സ്ഥിരം അവസ്ഥ? ഒരുങ്ങി സുന്ദരിയായി തന്നെ അമ്മ കുഞ്ഞിനെ പ്രസവിച്ചാൽ ആർക്കാണ് ഹേ നഷ്ടം? അടുത്ത പ്രശ്നം "ബാക്കി ഉള്ളോരും പ്രസവിക്കുന്നുണ്ടല്ലോ" എന്നതാണ് അതെഴുതി വിടുന്നത് മുഴുവൻ ചേട്ടൻമാരാ.

അവർ വീട്ടിൽച്ചെന്ന് ഭാര്യയോട് ആ ലേബർ റൂമിലെ ഭീകരതയെക്കുറിച്ച് വെറുതേ ഒന്ന് ചോദിക്ക്. അവർ അവരുടെ ഭർത്താവും, ഉറ്റവരും അടുത്തു വേണമെന്ന് ആഗ്രഹിച്ചിരുന്നോ എന്ന് ചോദിക്ക്. അങ്ങനെ അല്ലാതെ പ്രസവിച്ചതുകൊണ്ട് തന്നെയാകും ഇപ്പോഴും പിള്ളേരെ വളർത്തുന്ന ഉത്തരവാദിത്തം പലപ്പോഴും അവളുടെ തലയിൽ മാത്രമായി കെട്ടിവയ്ക്കപ്പെടുന്നത്. ദിയയ്ക്ക് ഉണ്ടായ ആൺകുഞ്ഞ് തങ്ങളുടെ എല്ലാവരുടെയും ഉത്തരവാദിത്തത്തിൽ, സംരക്ഷണയിൽ വളരേണ്ടതാണ് ഇന്നൊരു ഉൾബോധം ആ പ്രസവമുറിയിൽ നിന്നിരുന്ന അവളുടെ പ്രിയപ്പെട്ട മുഴുവൻ മനുഷ്യർക്കും തോന്നിയിരിക്കും.

പിന്നെ ഭർത്താവിനെ മാത്രമല്ല, പെൺകുട്ടി ആവശ്യപ്പെടുന്ന അവളുടെ പ്രിയപ്പെട്ടവരെയെല്ലാം ഇതുപോലെ, ഈ നേരത്ത് അവൾക്കൊപ്പമുണ്ടാകാൻ അനുവദിക്കണം. കാരണം ഈ വേദനയൊക്കെ കണ്ട് ആ പെൺകുട്ടിയേക്കാൾ ബേജാറിലായിരിക്കും പാവം പിടിച്ച ഭർത്താവ്! അവർക്ക് രണ്ടുപേർക്കും ഒരുമിച്ചാണ് താങ്ങ് വേണ്ടത്. ഒരു അച്ഛൻ മകളുടെ കൈ പിടിച്ച് "ധൈര്യമായിരിക്ക്‌" എന്ന് പ്രസവസമയത്ത് പറയാനുണ്ടാവുക എന്നതൊക്കെ വല്ലാത്ത ഭാഗ്യമാണ്.

അല്ലെങ്കിലും കൃഷ്ണകുമാർ എന്ന അച്ഛൻ തന്റെ പെൺമക്കളുടെ കാര്യത്തിൽ എന്നും വ്യത്യസ്തനായിരുന്നല്ലോ. ആകെ തിരുത്തണം എന്ന് തോന്നിയ ഒരു കാര്യമേയുള്ളു, പ്രസവമുറിയിൽ നിൽക്കുന്ന എല്ലാവർക്കും ഒരു തിയേറ്റർ ഗൗണും ഗ്ലൗസും നൽകാൻ ആശുപത്രി അധികൃതർക്ക്‌ ശ്രമിക്കാം എന്നതാണ്. ന്യൂബോണിന് അല്പം കൂടി ഇന്‍ഫെക്ഷന്‍ ഫ്രീ എന്‍വയണ്‍മെന്‍റ് നൽകാൻ അത് സഹായിക്കും. ഇങ്ങനെയാവട്ടെ ഓരോ ജീവനും ഈ ലോകത്തിന്റെ മനോഹരിതയിലേക്ക് വരുന്നത്.’