- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ കൊഞ്ചിച്ച് ലാളിച്ചാണ് വളർത്തിയത്; സ്വന്തം അനിയത്തിയുടെ കല്യാണത്തിന് പോലും ചിലർ വിളിക്കാൻ സമ്മതിച്ചില്ല; തുറന്നുപറഞ്ഞ് ദിയ
കൊച്ചി: പ്രേക്ഷകർക്ക് സുപരിചിതയായ ആക്റ്റിവിസ്റ്റും മോഡലുമായ ദിയ സന, തന്റെ കുടുംബത്തിൽ നിന്നു നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രശസ്തയായ ദിയ, സ്വന്തം കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് 14 വർഷമായെന്നും, സ്നേഹിച്ചു വളർത്തിയ വീട്ടിൽ നിന്നു തന്നെ ദുരുപയോഗം നേരിടേണ്ടി വന്നെന്നും വെളിപ്പെടുത്തി.
"കൊഞ്ചിച്ചും ലാളിച്ചും വളർത്തിയ എന്റെ കുട്ടിക്കാലത്ത്, വീട്ടിൽ തന്നെ ബാപ്പയ്ക്ക് തുല്യനായ ഒരാളിൽ നിന്ന് ദുരുപയോഗം നേരിടേണ്ടി വന്നു. ഇത് സംബന്ധിച്ച് വീട്ടുകാരോട് പറഞ്ഞപ്പോൾ, അതൊക്കെ വെറും തോന്നലുകളായിരിക്കുമെന്നും അങ്ങനെയൊന്നും പറയരുതെന്നും അവർ പ്രതികരിച്ചു. അമ്മയുടെ സഹോദരങ്ങളുടെ ഇത്തരം ഇടപെടലുകൾ എന്നെ വല്ലാതെ ബാധിച്ചു. വിവാഹ ശേഷം മകനുണ്ടായതിന് ശേഷം ഞാൻ വീട്ടിൽ കുറച്ചേ പോയിരുന്നുള്ളൂ. സാമൂഹ്യപ്രവർത്തനവുമായി ബന്ധപ്പെട്ട് പുറത്തുപോകുന്ന സമയങ്ങളിൽ, എന്റെ അമ്മയുടെ സഹോദരങ്ങൾ എന്നെ മോശക്കാരിയായി ചിത്രീകരിക്കുകയും സഹകരിക്കാതിരിക്കുകയും ചെയ്തു," ദിയ സന പറഞ്ഞു.
സ്വന്തം അനിയത്തിയുടെ വിവാഹത്തിന് പോലും ചില ബന്ധുക്കൾ തന്നെ വിളിക്കാൻ സമ്മതിച്ചില്ലെന്ന് ദിയ സന വെളിപ്പെടുത്തി. "കുടുംബക്കാർ വിവാഹത്തിൽ സഹകരിക്കണമെങ്കിൽ ഞാൻ അവിടെ ഉണ്ടാകാൻ പാടില്ലെന്ന് എന്റെ മൂത്ത മാമ പറഞ്ഞതായി കേട്ടു. ഞാൻ ആരോടെങ്കിലും എന്തെങ്കിലും മഹാ അപരാധം ചെയ്തതു പോലെയാണ് അമ്മയുടെ വീട്ടുകാർ എന്നോട് പെരുമാറുന്നത്. അമ്മയുടെ അഭിപ്രായ പ്രകടനങ്ങൾക്കും ഒരു പരിധിയുണ്ട്," ദിയ സന അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.