തന്നെ ഇനി 'കടവുളെ...അജിത്തേ' ഉള്‍പ്പടെയുള്ള പേരുകള്‍ വിളിക്കേണ്ടെന്ന് നടന്‍ അജിത് കുമാര്‍. തന്നെ കെ അജിത്ത് എന്ന് മാത്രം വിളിച്ചാല്‍ മതിയെന്ന് എക്സ് പോസ്റ്റിലൂടെ താരം വ്യക്തമാക്കി. മറ്റ് പേരുകള്‍ ഒക്കെ തന്നെ അസ്വസ്ഥമാക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആരധകരോട് താരം ആവശ്യപ്പെട്ടു.

'കടവുളെ... അജിത്തേ' എന്ന മുദ്രാവാക്യം ആരംഭിച്ചത് ഒരു യുട്യൂബ് ചാനലിന് ഒരാള്‍ നല്‍കിയ അഭിമുഖത്തില്‍ നിന്നാണ്, അത് വൈറലായി. മുദ്രാവാക്യം വിളി തമിഴ്‌നാട്ടിലെ നിരവധി ആളുകള്‍ ഏറ്റെടുത്തു, അവര്‍ പൊതു ഇടങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. കടവുളെ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം ദൈവം എന്നാണെന്നും താരം പറയുന്നു. മുമ്പ് ആരാധകര്‍ വിളിച്ചിരുന്ന 'തല' എന്ന അഭിസംബോധന അവസാനിപ്പിക്കാന്‍ അജിത് ആവശ്യപ്പെട്ടത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

'വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഈ അഭിസംബോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. പേരിനൊപ്പം എന്തെങ്കിലും ഒരു തരം അഭിസംബോധന ചേര്‍ക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ ഇത്തരം മുദ്രാവാക്യങ്ങളും അഭിസംബോധനകളും പൊതുവിടങ്ങളില്‍ നടത്തുന്നവര്‍ അത് എത്രയും വേഗം അവസാനിപ്പിക്കണം എന്ന് അജിത് ആവശ്യപ്പെട്ടു. അജിത് എക്‌സില്‍ കുറിച്ചു.



അതേസമയം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയര്‍ച്ചി'യാണ് അജിത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പൊങ്കല്‍ റിലീസായി ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം, അജിത്- അര്‍ജുന്‍- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തില്‍ ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.