കൊച്ചി: കിങ് ഓഫ് കൊത്ത സിനിമയുടെ പ്രമോഷൻ തിരക്കിലാണ് ദുൽഖർ സൽമാൻ. ഹൈദരാബാദിലേയും ചെന്നൈയിലേയും പ്രമോഷനു പിന്നാലെ കേരളത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. കൊച്ചിയിൽ അടക്കം കേരളത്തിന്റെ വിവിധഭാഗങ്ങളിലാണ് സിനിമയുടെ പ്രമോഷൻ നടത്തുന്നത്. ചിത്രത്തിന്റെ ഫുൾ ടീമിനൊപ്പമാണ് പ്രമോഷൻ.

ഇപ്പോൾ ശ്രദ്ധനേടുന്നത് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ഗോകുൽ സുരേഷിന്റെ ഒരു വിഡിയോ ആണ്. ആൾക്കൂട്ടത്തിനിടയിൽ പെട്ടുപോകുന്ന ഗോകുലിനെ വിളിച്ച് മുന്നിൽ നടത്തുന്ന ദുൽഖറിനെയാണ് വിഡിയോയിൽ കാണുന്നത്. പ്രസ് മീറ്റിന് എത്തിയ ഗോകുലിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഓൺലൈൻ മാധ്യമങ്ങൾ.

അതിനിടെയാണ് ദുൽഖറിന്റെ എൻട്രി. ഇതോടെ ഗോകുലിനെ വിട്ട് മാധ്യമങ്ങൾ ദുൽഖറിന് പിന്നാലെയായി. ഗോകുലിനെ തള്ളിമാറ്റിക്കൊണ്ടായിരുന്നു ആൾക്കൂട്ടത്തിന്റെ പോക്ക്. ഇത് കണ്ട് ചിരിയോടെ നിൽക്കുന്ന ഗോകുലിനെയാണ് വിഡിയോയിൽ കാണുന്നത്. എന്നാൽ പ്രമോഷൻ ചടങ്ങ് കഴിഞ്ഞ് ഇറങ്ങിയ ദുൽഖർ വാതിലിന് അരികിലായി ഗോകുലിനെ കാത്ത് നിൽക്കുകയായിരുന്നു. ഗോകുലിനോട് മുന്നിൽ നടക്കാൻ പറയുന്നതും വിഡിയോയിലുണ്ട്.

ഗോകുലിനെ ആശ്വസിപ്പിച്ചും ദുൽഖറിന്റെ എളിമയെ പുകഴ്‌ത്തിയും നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ദുൽഖറും മുൻപ് ഇത്തരം ഒറ്റപ്പെടലുകളിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഒരിക്കൽ താങ്കളും വലിയൊരു താരമായി അറിയപ്പെടുമെന്നുമാണ് ഗോകുലിനോട് ആരാധകർ പറയുന്നത്.