കൊച്ചി: മമ്മൂട്ടിക്കും ദുൽഖറിനും കാറുകളോടുള്ള ക്രെയ്‌സ് ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. തന്റെ വാഹന കളക്ഷൻ പരിചയപ്പെടുത്തി വീഡിയോയുമായി ദുൽഖർ രംഗത്തെത്തുകയും ചെയ്തിരുന്നു. കോടികൾ വില വരുന്ന കാറുകൾ അടക്കം ദുൽഖറിന്റെ ഗാരേജിൽ ഉണ്ട് താനും. ഇപ്പോൾ താൻ ഡ്രൈവിങ് പഠിച്ചതിനെ കുറിച്ചു പറയുകയാണ് ദുൽഖർ.

ഒമ്പതാം വയസിലെ താൻ ഡ്രൈവിങ് പഠിക്കാൻ തുടങ്ങിയിരുന്നു എന്നാണ് ദുൽഖർ പറയുന്നത്. നെറ്റ്ഫ്ലിക്സ് സീരീസായ 'ഗൺസ് & ഗുലാബ്സി'ന്റെ പ്രമോഷനിടയിലാണ് ദുൽഖർ സംസാരിച്ചത്.

'എനിക്ക് 9 വയസും ഇത്തക്ക് 11 വയസുമായിരുന്നു പ്രായം. ഞങ്ങൾക്ക് വളരെ പ്രായമുള്ളൊരു ഡ്രൈവർ ഉണ്ടായിരുന്നു. വളരെ സ്വീറ്റായിരുന്നു അദ്ദേഹം. ഞങ്ങൾ അദ്ദേഹത്തോട് 'ദയവായി ഞങ്ങളെ പഠിപ്പിക്കൂ' എന്ന് യാചിച്ചു കൊണ്ടിരുന്നു. ഞങ്ങൾക്ക് അന്നൊരു മാരുതി 800 ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങൾക്ക് ക്ലച്ച്, ഗിയർ, ബ്രേക്ക് പോലുള്ള കാര്യങ്ങളൊക്കെ മനസ്സിലാക്കി തന്നു. ഡ്രൈവിങ് സീറ്റിൽ ഇരിക്കാനുള്ള ഒരു അവസരം കണ്ടാൽ ഞാൻ ചാടി വീഴും. അത് വീട്ടിൽ കാർ പാർക്ക് ചെയ്യുന്ന കാര്യത്തിലോ റിവേഴ്‌സ് എടുക്കുന്ന കാര്യത്തിലോ ആണെങ്കിൽ പോലും.

കാറിൽ ചാടി കയറി ഡ്രൈവ് ചെയ്യാൻ ഞാൻ എന്തെങ്കിലും ഒഴിവുകഴിവ് കണ്ടെത്തും. ഞാൻ ഇത് ചെയ്തതായി വാപ്പച്ചിക്ക് അറിയില്ലായിരുന്നു. അദ്ദേഹം ഇതിനെ കുറിച്ച് അറിഞ്ഞപ്പോൾ യഥാർത്ഥത്തിൽ വളരെ ശാന്തനായിരുന്നു. ഞങ്ങൾ ഒരു ക്ലോസ്ഡ് പ്രോപ്പർട്ടിയിൽ ആയിരിക്കുമ്പോൾ അദ്ദേഹം തന്റെ സുഹൃത്തുക്കളെ ഇതു കാണിക്കും. കാർ എടുക്കൂ എന്ന രീതിയിലാവും അത്. എന്ത്, അവന് കാർ ഓടിക്കാനറിയുമോ എന്ന് അവർ അത്ഭുതപ്പെടുമ്പോൾ, അതെ, അവന് അതറിയാം എന്ന മട്ടിൽ അദ്ദേഹം അതിനെ നേരിടും'' എന്നാണ് ദുൽഖർ പറയുന്നത്.