- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കിങ് ഓഫ് കൊത്ത'യ്ക്ക് വമ്പൻ പ്രമോഷൻ! ദുൽഖർ ചിത്രത്തിന് പ്രാമോഷൻ നൽകി ന്യൂയോർക്കിലെ ടൈം സ്ക്വയർ; മലയാള സിനിമാ ചരിത്രത്തിലാദ്യം
ന്യൂയോർക്ക്: ദുൽഖർ സൽമാന്റെ പുതിയ ചിത്രമായ കിങ് ഓഫ് കൊത്ത വലിയ പ്രമോഷനോടെയാണ് റിലീസിന് ഒരുങ്ങുന്നത്. ദുൽഖറിന്റെ പാൻ ഇന്ത്യൻ ഇമേജ് ഉപയോഗപ്പെടുത്താനാണ് അണിയറക്കാരുടെ ശ്രമം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദുൽഖർ സൽമാൻ നായകനാകുന്ന കിങ് ഓഫ് കൊത്ത. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 24ന് റിലീസ് ചെയ്യും.
ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും എല്ലാം ഇതിനോടകം വൻ ഹിറ്റ് ആണ്. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ന്യൂയോർക്ക് സിറ്റി ടൈം സ്‌ക്വയറിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. ദുൽഖർ തന്നെയാണ് ഇത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ടൈംസ് സ്‌ക്വെയറിൽ ഒരു മലയാള ചിത്രത്തിന്റെ ട്രെയിലർ ഇതാദ്യമായാണ് പ്രദർശിപ്പിക്കുന്നത്. മുൻപ് ബുർജ് ഖലീഫയിൽ ആദ്യമായൊരു മലയാള ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ചതും ദുൽഖർ ചിത്രത്തിന്റേത് തന്നെയായിരുന്നു. കുറുപ്പ് ആയിരുന്നു ആ ചിത്രം.
സർപ്പട്ടൈ പരമ്പരയിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കണ്ണൻ, തമിഴ് താരം പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ താരം സരൺ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖർ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ ചിത്രത്തിൽ എത്തുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിർമ്മാണ കമ്പനിയായ സീ സ്റ്റുഡിയോസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭമാണ് കിങ് ഓഫ് കൊത്ത.
പാൻ ഇന്ത്യ തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം മൊഴിമാറ്റി അവതരിപ്പിക്കും. അഭിലാഷ് എസ് ചന്ദ്രനാണ് രചന നിർവഹിക്കുന്നത്. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്താണ് അഭിലാഷ്.