ഹൈദരാബാദ്: ദുൽഖർ സൽമാൻ നായകനായ 'സീത രാമം' എന്ന ഒറ്റ ചിത്രത്തിലൂടെതന്നെ തെന്നെന്ത്യൻ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നായികയാണ് മൃണാൾ താക്കൂർ. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം, നാനി നായകനായ 'ഹായ് നന്ന'യിലും മൃണാൾ നായികയായി. ഇപ്പോഴിതാ വിജയ് ദേവരകൊണ്ട ചിത്രം 'ഫാമിലി സ്റ്റാറിലും' നായികയായി തെലുങ്കിൽ ചുവടുറപ്പിക്കുകയാണ് താരം.

നിരവധി നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും, ഏറ്റവും ഇഷ്ടപ്പെട്ട താരം ദുൽഖർ സൽമാനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മൃണാൾ താക്കൂർ. ഫാമിലി സ്റ്റാറിനായി അടുത്തിടെ നടത്തിയ ഒരു പ്രൊമോഷണൽ ഇവന്റിലായിരുന്നു താരത്തിന്റെ പ്രസ്ഥാവന.

സഹതാരങ്ങളിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ടയാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു കഠിനമായ ചോദ്യമാണെന്ന് പറഞ്ഞ ശേഷമായിരുന്നു മൃണാളിന്റെ മറുപടി. 'സീതാ രാമം എന്നെ സംബന്ധിച്ചിടത്തോളം കഠിനമായ ചിത്രമായിരുന്നു. ഷൂട്ടിങ്ങിനിടയിൽ എന്നെ പ്രോത്സാഹിപ്പിച്ചത് ദുൽഖറാണ്. അദ്ദേഹം പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്, അതുകൊണ്ടാണ് അദ്ദേഹം എനിക്ക് പ്രചോദനമയി. ദുൽഖർ എന്റെ വഴികാട്ടിയും സുഹൃത്തും പ്രിയപ്പെട്ട നടനുമാണ്,' മൃണാൾ താക്കൂർ പറഞ്ഞു.