കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. നിരവധി താരങ്ങളാണ് ആശംസകളുമായി രംഗത്തുവന്നത്. ജന്മദിനം കൂടുതൽ മധുരമാക്കാനായി പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. എന്നും എല്ലായ്‌പ്പോഴും തന്റെ പിതാവിനെപ്പോലെ ആകാനാണ് ആഗ്രഹിച്ചതെന്ന് ദുൽഖർ ഹൃദയസ്പർശിയായ കുറിപ്പിൽ പറയുന്നു.

ചെറിയ കുട്ടിയായിരുന്നപ്പോൾ വലുതാകുമ്പോൾ താങ്കളെപ്പോലെ ആകാൻ ആഗ്രഹിച്ചു. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ താങ്കളെപ്പോലെ ഒരു നടനാകണമെന്ന് മോഹിച്ചു. താനൊരു പിതാവായപ്പോഴും അതെ. ഒരിക്കൽ ഞാൻ താങ്കളുടെ പകുതിയോളമെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പിറന്നാളാശംസകൾ നേരുന്നു. ഇനിയും ഈ ലോകത്തെ രസിപ്പിക്കാനും പ്രചോദനമാകാനും താങ്കൾക്ക് സാധിക്കട്ടെയെന്നുമാണ് ദുൽഖർ കുറിച്ചത്.