കൊച്ചി: കോമഡി വേഷങ്ങളിലൂടെയെത്തി മലയാളികളുടെ ജനപ്രിയനായി മാറിയ താരമാണ് സൗബിൻ ഷാഹിർ. എന്നാൽ അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും മികവ് തെളിയിക്കാൻ സൗബിനായി. തന്റെ അരങ്ങേറ്റ സംവിധാന സംരംഭമായ 'പറവ' വലിയ വിജയമാണ് നേടിയത്. പറവയ്ക്ക് ശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിൽ നായകനാവുന്നത് ദുൽഖർ സൽമാൻ ആണെന്ന കാര്യം അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

സൂപ്പർ ക്രോസ് ചാമ്പ്യൻ സി ഡി ജിനൻ്റെ ജീവിതത്തെ ആസ്പദമാക്കിയാവും ചിത്രം ഒരുക്കുന്നതെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മലയാളിയായ ജിനൻ ആറ് തവണ ദേശീയ സൂപ്പർക്രോസ് ചാമ്പ്യനാണ്. നേരത്തെ ബാംഗ്ലൂർ ഡേയ്‌സിൽ മോട്ടോർക്രോസ് റൈഡറായി ദുൽഖർ അഭിനയിച്ചിരുന്നു. ചിത്രം തീയേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ച കഥാപാത്രവും ഏറെ ശ്രദ്ധ നേടി.

സമീർ താഹിർ ആയിരിക്കും ഇനി വരാനിരിക്കുന്ന ദുൽഖർ-സൗബിൻ ചിത്രത്തിനും ഛായാഗ്രാഹകൻ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

അതേസമയം, സൗബിൻ തൻ്റെ തമിഴ് അരങ്ങേറ്റ ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളിലാണ്. രജനികാന്ത്-ലോകേഷ് കനകരാജ് ചിത്രം കൂലിയിലൂടെയാണ് അദ്ദേഹം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പ്രാവിൻ കൂട് ഷാപ്പാണ് മലയാളത്തിൽ സൗബിന്റെ അടുത്ത റിലീസ്.

അതേസമയം, പറവ ഫിലിംസിൻ്റെ ബാനറിൽ സൗബിൻ നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിൻ്റെ നിർമ്മാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലും സൗബിൻ കുടുങ്ങിയിരിക്കുകയാണ്. കൊച്ചിയിലെ ഇയാളുടെ ഓഫീസിൽ ഐടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നേരത്തെ പറവ ഫിലിംസിൻ്റെ കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം നടത്തിയിരുന്നു.