കൊച്ചി: അപൂർവ നേട്ടവുമായി മലയാളികളുടെ പ്രിയ താരമായ ദുൽഖർ സൽമാന്റെ ആദ്യ തെലുങ്ക് ചിത്രമായ 'ലക്കി ഭാസ്കര്‍'. ഒടിടി റിലീസിന് ശേഷവും തിയേറ്ററുകളില്‍ തുടരുകയാണ് 'ലക്കി ഭാസ്കർ'. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഒക്ടോബര്‍ 31 നാണ് തിയേറ്ററുകളിലെത്തിയത്. നവംബര്‍ 28 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.

എന്നാല്‍ ഒടിടിയില്‍ എത്തി നാല് ദിവസം പിന്നിടുമ്പോഴും ചിത്രം കാണാന്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തുന്നുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയില്‍ ചിത്രം ട്രെന്‍ഡിം​ഗ് ആയി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളില്‍ 9800 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രത്തിന്‍റേതായി വിറ്റിരിക്കുന്നത്. വലിയ ജനപ്രീതിയുള്ള ചിത്രങ്ങള്‍ക്ക് മാത്രം സാധ്യമാകുന്ന കാര്യമാണിത്.

അതേസമയം, ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ലക്കി ഭാസ്കര്‍. ബഹുഭാഷകളിലെത്തിയ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ദീപാവലി റിലീസ് ആയിരുന്നു. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ 110 കോടി രൂപയ്ക്ക് മുകളിലാണ് കളക്ട് ചെയ്തത്. കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖറിന്റെ തിരിച്ച് വരവ് കൂടിയായിരുന്നു ലക്കി ഭാസ്കര്‍.