ഹൈദരാബാദ്: യഥാർത്ഥ പാൻ ഇന്ത്യൻ താരം ആരാണ് നിരവധി സൂപ്പർതാരങ്ങളുടെ പേരുകൾക്കൊപ്പം ഈ അലങ്കാരമുണ്ട്. എന്നാൽ തനിക്കറിയാവുന്ന ഏക പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ ആണെന്നാണ് തെലുങ്ക് സൂപ്പർതാരം നാനി പറയുന്നത്. ഇതിന് കൃത്യമായ കാരണങ്ങളും നാനി നിരത്തുന്നു.

വിവിധ ഭാഷകളിൽ നായകനായി എത്തി സിനിമകൾ സൂപ്പർഹിറ്റാക്കുന്ന കഴിവ് തന്നെയാണ് ദുൽഖറിനെ യഥാർത്ഥ പാൻ ഇന്ത്യൻ താരമാക്കുന്നത്. പുതിയ ചിത്രമായ കിങ് ഓഫ് കൊത്തയുടെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു നാനി ദുൽഖറിനെ വാനോളം പുകഴ്‌ത്തിയത്. എനിക്കറിയാവുന്ന നടന്മാരിൽ പാൻ ഇന്ത്യൻ എന്ന പേരിന് ശരിക്കും അർഹൻ ദുൽഖർ മാത്രമാണ്.

ഒരു ഹിന്ദി സംവിധായകൻ ദുൽഖറിനുവേണ്ടി കഥ എഴുതുന്നുണ്ട്, അതേസമയം തമിഴ്, തെലുങ്ക്, മലയാളം സംവിധായകരും ദുൽഖറിനുവേണ്ടി കഥകൾ തയ്യാറാക്കുന്നു. പാൻ ഇന്ത്യൻ നടൻ എന്നതിന്റെ ശരിയായ അർഥം അതാണ്.- നാനി പറഞ്ഞു. ദുൽഖർ തെലുങ്കിൽ ആദ്യമായി എത്തിയ ഓകെ ബംഗാരത്തിൽ താരത്തിന് ശബ്ദം നൽകിയത് താനാണെന്നും നാനി പറഞ്ഞു. റാണ ദഗ്ഗുബാട്ടിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ദുൽഖറിന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയേറിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഓണം റിലീസായി ഓഗസ്റ്റ് 24നാണ് ചിത്രം തിയറ്ററിൽ എത്തുക.